ദോഹ: ബിസിനസ്, ഇന്‍ഡസ്ട്രി മേഖലകള്‍ക്ക് വേണ്ടിയുള്ള ഖത്തറിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും. ദിവസേന 25,000 പേര്‍ക്ക് വാക്സിനെടുക്കാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ സെന്ററാണിത്.
തിരക്കും തള്ളിക്കയറ്റവും നിയന്ത്രിക്കാനും പൊതു സുരക്ഷ ഉറപ്പുവരുത്താനുമാണ് പുതിയ നിയന്ത്രണം. നേരത്തെ ആളുകളുടെ ക്രമാതീതമായ തള്ളിക്കയറ്റം രൂക്ഷമായതോടെയാണ് സെന്റര്‍ താല്‍ക്കാലികമായി അടച്ചത്.
ഏഷ്യന്‍ ടൗണിൻ്റെ അടുത്താണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ വലിയ തോതില്‍ എത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച കേന്ദ്രം താല്‍ക്കാലികമായി അടച്ചിരുന്നു.
എന്നൽ കേന്ദ്രം വീണ്ടും തുറക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടന്നോ ബൈക്ക് ഓടിച്ചോ എത്തുന്നവരെ സെന്ററിലേക്കോ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കോ പ്രവേശിപ്പിക്കില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.