ദോഹ: ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ ഇന്‍ഷുറന്‍സ് തുക ഇടനിലക്കാരന്‍ തട്ടിയെടുത്തതായി പരാതി. 2014-ല്‍ ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശിയായ സക്കറിയ ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. ഇതിനു പിന്നാലെയാണ് ഇന്‍ഷുറന്‍സ് തുക ഖത്തറില്‍ നിന്ന് ലഭ്യമാക്കാമെന്ന ഉറപ്പോടെ ജംസീര്‍ എന്നയാള്‍ കുടുംബത്തെ സമീപിച്ചത്.
ഖത്തറില്‍ കേസ് കൊടുക്കുന്നതിനായി ഇയാള്‍ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ ഒപ്പിട്ടു വാങ്ങിച്ചതായി സക്കറിയയുടെ ഭാര്യ പറഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്‍ഷുറന്‍സ് തുക കിട്ടാതെ വന്നതോടെ ഖത്തറിലുള്ള ബന്ധുക്കളെ വച്ച് കുടുംബം നടത്തിയ അന്വേഷണത്തിലാണ് ഇന്‍ഷുറന്‍സ് തുകയായി ലഭിച്ച 40 ലക്ഷം രൂപ വ്യാജ രേഖകള്‍ തയ്യാറാക്കി തട്ടിയെടുത്തെന്നാണ് പരാതി. നിയമ നടപടി ആവശ്യപ്പെട്ട് കുടുംബം നോര്‍ക്കക്ക് പരാതി നല്‍കി.
കേസിന്റേതായി ഒരു കാശും ഇതുവരെ കുടുംബത്തിന് കിട്ടിയിട്ടില്ലെന്നും സക്കറിയുടെ ഭാര്യ പറയുന്നു. നിയമപരമായ സഹായങ്ങള്‍ക്കായി തയ്യാറാക്കിയ പവര്‍ അറ്റോര്‍ണിയിലാണ് തങ്ങള്‍ ഒപ്പുവച്ചെതെന്നും കുടുംബം പറയുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് തുക ഇടനിലക്കാരന് കൈപ്പറ്റാമെന്നുള്ള തരത്തില്‍ വ്യാജ രേഖകള്‍ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നും കുടുംബം ആരോപിക്കുന്നു.