കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ തിരിച്ചറിയാന്‍ ഈ രണ്ട് ക്ലാസിക് കോവിഡ് ലക്ഷണങ്ങള്‍ സഹായകമായേക്കില്ലെന്ന് റിപ്പോർട്ട്..

0
95 views

കോവിഡ് പിടിപെട്ടോ എന്ന് സാധാരണക്കാരന്‍ സംശയിച്ച് തുടങ്ങിയിരുന്നത് മണവും രുചിയും നഷ്ടപ്പെടുമ്പോഴായിരുന്നു. മണത്തു നോക്കിയിട്ടും മണം കിട്ടുന്നില്ലെങ്കില്‍ കോവിഡ് എന്നുറപ്പിച്ച് പരിശോധനയ്ക്ക് വന്നിരുന്നവരാണ് നല്ലൊരു ശതമാനം പേരും. എന്നാല്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ തിരിച്ചറിയാന്‍ ഈ രണ്ട് ക്ലാസിക് കോവിഡ് ലക്ഷണങ്ങള്‍ സഹായകമായേക്കില്ലെന്നാണ് ഇതിനകം പുറത്തു വന്ന വിവരം.

ഒമിക്രോണ്‍ വകഭേദം ബാധിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ വളരെ ലഘുവാണെന്നും മണമോ രുചിയോ നഷ്ടപ്പെട്ടതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ നിന്ന് വ്യത്യസ്തമായി ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് ശ്വാസതടസ്സമോ, ഓക്സിജന്‍ സപ്പോര്‍ട്ട് ആവശ്യമുള്ള അവസ്ഥയോ നിലവില്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ഘട്ടത്തില്‍ കാണപ്പെടുന്ന ഒമിക്രോണ്‍ മൂലമുള്ള കോവിഡ് രോഗലക്ഷണങ്ങള്‍ പലതും സാധാരണ വൈറല്‍ പനിക്ക് സമാനമാണെന്ന് ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ആന്‍ഗെലിക് കോട്സി പറയുന്നു. നല്ലൊരു ശതമാനത്തിനും രോഗലക്ഷണങ്ങളില്ലാതെയാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. ചിലര്‍ക്ക് തലവേദന, ശരീര വേദന, ജലദോഷം, ക്ഷീണം, പനി, ചുമ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടായി.

ആര്‍ക്കും രോഗസങ്കീര്‍ണതകള്‍ ഉണ്ടാകുകയോ ശസ്ത്രക്രിയ ആവശ്യമുള്ള നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയോ ചെയ്തിട്ടില്ല. രോഗികളെ ഹോം ഐസോലേഷനില്‍ തന്നെ പരമാവധി ചികിത്സിക്കാനും കഴിയുന്നു. ഒമിക്രോണുമായി ബന്ധപ്പെട്ട് ഏറ്റവും പൊതുവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗലക്ഷണം ഒന്നോ രണ്ടോ ദിവസം നീളുന്ന കടുത്ത ക്ഷീണമാണ്. തലവേദനയും ശരീരവേദനയും ഇതിനോടൊപ്പം ഉണ്ടാകുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.