എയർ ബബിൾ കരാർ : നാളെ മുതൽ സൗദിയിൽ നിന്ന് കേരളത്തിലെ 2 വിമാനത്താവളങ്ങളിലേയ്ക്ക് അടക്കം ഇന്ത്യയിലെ 8 സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകൾ
നീണ്ട ഒന്നര വർഷത്തിന് ശേഷം ആണ് സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നാളെ മുതൽ ആരംഭിക്കുന്നു . ഇന്ത്യ-സൗദി എയർ ബബിൾ കരാർ 2022 ജനുവരി 1 നാളെ മുതൽ ആണ് നിലവിൽ വരുന്നത്.
കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ആയിരുന്നു ഇന്ത്യയിലേക്കുള്ള റെഗുലർ വിമാന സർവിസ് സൗദി നിർത്തി വെച്ചത്. പിന്നീട് സൗദിയിലേക്ക് പോകാൻ മറ്റു രാജ്യങ്ങളിൽ ക്വാറന്‍റീൻ കഴിഞ്ഞ ശേഷം ആണ് പോയിരുന്നത്. യുഎഇ, ഒമാൻ, ബഹ്റെെൻ എന്നീ രാജ്യങ്ങൾ വഴിയാണ് പ്രവാസികൾ സൗദിയിലേക്ക് പോയിരുന്നത്. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ ചെലവേറിയ യാത്രയായിരുന്നു ഇത്.
ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് ആണ് സൗദിയിൽ നിന്നും സർവീസ് ഉണ്ടായിരിക്കുക. ഡൽഹി, ബെംഗളുരു, ചെന്നെെ, മുംബൈ, ഹൈദരാബാദ്, ലക്നോ എന്നീ വിമാനത്താവളത്തിലേക്കും കേരളത്തിലെ കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളത്തിലേക്കും ആണ്
വിമാന സർവീസ് ഉള്ളത്. സൗദിയിൽ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കൂടാതെ സൗദിയിലേക്കും ഇന്ത്യയിൽ നിന്ന് വിമാന സർവീസ് ഉണ്ടായിരിക്കും. ദമ്മാം, ജിദ്ദ, മദീന, റിയാദ്, എന്നീ വിമാനത്താവളത്തിലേക്ക് ആണ് സർവിസ് ഉണ്ടായിരിക്കുക. കൊവിഡ് വലിയ രീതിയിൽ വ്യാപിച്ച സമയത്തായിരുന്നു ഇരു രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സർവിസ് നിർത്തിവെച്ചത്.