ദോഹ: ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍ കൂടും എന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) സാംക്രമിക രോഗങ്ങളുടെ തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷന്റൈ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ഭൂരിപക്ഷം അണുബാധകളും മിതമായതാണെന്നും രോഗലക്ഷണങ്ങള്‍ ഒരു ചെറിയ കാലയളവിലേക്ക് മാത്രമാണ് നീണ്ടുനില്‍ക്കുന്നതെന്നും ചില കേസുകളില്‍ മാത്രമേ വൈദ്യസഹായം ആവശ്യമുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.
വരുന്ന 3- 4 ആഴ്ചകള്‍ ഏറെ പ്രധാനമാണ് . അതീവ ജാഗ്രതയോടെ ഈ പ്രതിസന്ധിയെ അതീജീവിക്കുവാന്‍ സമൂഹം ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ പുതിയ തരംഗങ്ങള്‍ ഉണ്ടായേക്കാമെന്നും അതിനെ നേരിടുവാന്‍ നാം തയ്യാറാവണമെന്നും ഡോ. അല്‍ ഖാല്‍ സൂചിപ്പിച്ചു. അര്‍ഹരായവരൊക്കെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.