ദോഹ: രേഖകളെല്ലാം നഷ്ടമായതിനെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ പ്രവാസി മലയാളി 21 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. തൃശൂര്‍ തളിക്കുളം സ്വദേശി പ്രസാദ് പാസ്‌പോര്‍ട്ട് ഉള്‍പ്പെടയുള്ള രേഖകളെല്ലാം അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരാണ് പ്രസാദിന് നാട്ടിലേക്ക് പോകാനുള്ള തടസ്സങ്ങളെല്ലാം നീക്കി നല്‍കിയത്.
ഡ്രൈവറായി ഫ്രീ വിസയിലാണ് പ്രസാദ് ഖത്തറിലെത്തിയത്. സൗദി സ്വദേശിയായിരുന്നു ഇദ്ദേഹത്തിന്റെ സ്പോണ്‍സര്‍ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം തിരികെ വന്നിരുന്നില്ല. അദ്ദേഹത്തെപ്പറ്റി പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. രേഖകളെല്ലാം സ്‌പോണ്‍സറുടെ കൈയ്യിലായതോടെ പ്രസാദിന്റെ ജീവിതം വഴിമുട്ടുകയായിരുന്നു.
വിസ പുതുക്കാന്‍ കഴിയാതിരുന്നതോടെ പുറത്തിറങ്ങാന്‍ കഴിയാതെയായി. ഇതോടെ മെസുകളില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ജീവന്‍ നിലനിര്‍ത്താനും ഭക്ഷണവും കിടക്കാനൊരിടത്തിനും വേണ്ടിയായിരുന്നു മെസുകളില്‍ ജോലി ചെയ്തിരുന്നത്. വര്‍ഷങ്ങളോളം പണിയെടിപ്പിച്ച് ശമ്പളമൊന്നും നല്‍കാതെ ആളുകൾ പറ്റിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ നിന്നാണ് പൊതുമാപ്പിനെ കുറിച്ച് അദ്ദേഹം അറിഞ്ഞത്. സുഹൃത്ത് ദിനേശ് വഴി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരെ ബന്ധപ്പെടുകയുമായിരുന്നു. രേഖകളെല്ലാം നഷ്ടപ്പെട്ടതിനാല്‍ ഇന്ത്യക്കാരനാണെന്ന് പോലും തെളിയിക്കേണ്ടിവന്നു. പരിശ്രമത്തിനൊടുവില്‍ താല്‍ക്കാലിക പാസ്പോര്‍ട്ട് ലഭിച്ചു. ഒടുവില്‍ ജനുവരി 26-ന് പ്രസാദ് നാട്ടിലേക്ക് മടങ്ങുകയാണ്.