ദോഹ: ഖത്തറില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍, ആറ് വയസിന് മുകളില്‍ പ്രായമുള്ളവര്‍ മാസ്ക് ധരിക്കണമെന്നാണ് ക്യാബിനറ്റ് തീരുമാനപ്രകാരമുള്ള അറിയിപ്പ്.
ആരോഗ്യ കേന്ദ്രങ്ങള്‍, ജോലിസ്ഥലങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, പള്ളികള്‍, ജിംനേഷ്യങ്ങള്‍, മാളുകള്‍, കടകള്‍, തീയറ്ററുകള്‍ എന്നിങ്ങനെയുള്ള അടച്ചിട്ട സ്ഥലങ്ങളിലെല്ലാം മാസ്‍ക് നിര്‍ബന്ധമാണ്. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തി ല്‍ ഏര്‍പ്പെടുത്തിയിരി ക്കുന്ന നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലും പറയുന്നു.
ശരിയായ രീതിയില്‍ മാസ്‍ക് ധരിക്കുന്നത് വൈറസ് ബാധ തടയാനുള്ള ഫലപ്രദമായ മാര്‍ഗമാണ്. ഒപ്പം കൊവിഡിനെതിരായ വാക്സിന്‍ ഡോസുകളും ബൂസ്റ്റര്‍ ഡോസുകളും സ്വീകരിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്‍ക്കിടയ്ക്ക് കൈകള്‍ കഴുകുകയോ അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. മറ്റുള്ളവരെ അഭിവാദ്യം ചെയ്യുമ്പോള്‍ ശാരീരിക സ്‍പര്‍ശനം ഒഴിവാക്കണം.
കൈകൊടുക്കുകയോ ചുംബിക്കുകയോ ചെയ്യരുത്. ചുമയ്‍ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ശരിയായ വിധിത്തില്‍ ടിഷ്യൂ പേപ്പറുകള്‍ കൊണ്ടോ മറ്റോ മൂടുകയും അതിന് ശേഷം ഇവ സുരക്ഷിതമായ സ്ഥലത്ത് ഉപേക്ഷിക്കുകയും വേണം. അധികം വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ കൂട്ടംകൂടുന്നത് സാധ്യമാവുന്നത്ര ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
അന്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അതോടൊപ്പം ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് പ്രായം പരിഗണിക്കാതെയും വാക്സിന്റെ നാലാമത്തെ ഡോസും നല്‍കുന്നുണ്ട്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് നാല് മാസം കഴിഞ്ഞാണ് യോഗ്യരായവര്‍ക്ക് നാലാം ഡോസ് വാക്സിന്‍ നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പോകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി