വിദേശത്ത് നിന്നും ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റൈൻ പൂർണമായും ഒഴിവാക്കിയതായി ഖത്തർ..

0
79 views
covid_vaccine_qatar_age_limit

ദോഹ: വിദേശത്ത് നിന്നും ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റൈൻ പൂർണമായും ഒഴിവാക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 4 ന് (ഞായറാഴ്ച) വൈകുന്നേരം ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ വരും. ബുധനാഴ്ച പുറത്തിറക്കിയ പുതിയ ട്രാവൽ പോളിസിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നിബന്ധനകൾ പ്രകാരം വാക്‌സിൻ എടുത്തവർക്കും അല്ലാത്തവർക്കും കോവിഡ് ടെസ്റ്റ് നിര്ബന്ധമാണ്. കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റൈൻ നിർബന്ധമാണ്. കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

രാജ്യങ്ങളെ റെഡ് ലിസ്റ്റ്, ഗ്രീൻ ലിസ്റ്റ് എന്നിങ്ങനെ തരംതിരിക്കുന്നത് നിർത്തലാക്കിയതായും മന്ത്രാലയം അറിയിച്ചു. സന്ദർശകർ വിമാനം പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുമ്പ് നടത്തിയ പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വിമാനം പുറപ്പെടുന്നതിന്റെ 24 മണിക്കൂർ മുമ്പ് നടത്തിയ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം.

രാജ്യത്തെത്തുന്ന പൗരന്മാരും താമസക്കാരും 24 മണിക്കൂറിനുള്ളിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തണം. പ്രൈമറി ഹെൽത്ത് കെയർ സെന്ററിലോ ഗവണ്മെന്റ് അംഗീകൃത പ്രൈവറ്റ് മെഡിക്കൽ സെന്ററിലോ ടെസ്റ്റ് നടത്താവുന്നതാണ്.