ദോഹ : മറൈൻ ഷിപ്പിംഗ് പഠനം പൂർത്തിയാക്കി നല്ലൊരു ജോലി സ്വപ്നം കൊണ്ടുനടന്നിരുന്ന 23 കാരനായ തന്റെ മകൻ യശ്വന്തിന് ഖത്തറിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ എറണാകുളം വരാപ്പുഴ സ്വദേശിനി ജയ ഒരുപാട് സന്തോഷിച്ചു. പോകുന്നത് ലോകകപ്പ് ഫുട്‍ബോളിന് വേദിയാകുന്ന ഖത്തറിലേക്ക് ആണെന്ന് അറിഞ്ഞപ്പോൾ അതിലേറെ സന്തോഷമായി.
തനിക്കു കിട്ടിയ അവസരം വലിയ ഒരു അനുഗ്രഹമായി കരുതി യശ്വന്തും ഏറെ സന്തോഷിച്ചു.’മറൈൻ ഷിപ്പിംഗ് പഠനം പൂർത്തിയാക്കിയിട്ടും ജോലി ശരിയാവാത്തതിൽ അവൻ ഏറെ നിരാശനായിരുന്നു. അങ്ങനെയാണ് ഒരു ഏജൻസി വഴി ഈ ജോലി ശരിയായത് ഏജൻസിയുടെ ഇടപെടലിൽ ഞങ്ങൾക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല.
ഖത്തറിൽ വെച്ച് മകൻ അറസ്റ്റിലായെന്ന വിവരം ലഭിക്കുന്നത് വരെ എല്ലാം ഓക്കെയാണെന്നാണ് ഞങ്ങൾ കരുതിയത്. ഇപ്പോൾ ഈ ‘അമ്മ മകനെ ഏതെങ്കിലും വിധത്തിൽ രക്ഷിക്കാൻ കയറിയിറങ്ങാത്ത പടികളില്ല.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദുബായ് വഴിയാണ് യശ്വന്ത് ദോഹയിലെത്തിയത്. ട്രാൻസിറ്റിൽ ദുബായിൽ എത്തിയപ്പോൾ ഏജൻസിയുടെ ഒരു പ്രതിനിധി എയർപോർട്ടിലെത്തി ഖത്തറിലെ സുഹൃത്തിന് കൊടുക്കണമെന്നാ വശ്യപ്പെട്ട് ചെറിയൊരു പൊതി യശ്വന്തിനെ ഏൽപിക്കുകയായിരുന്നു.
“സൗമ്യമായ പെരുമാറ്റവും ചിരിച്ചുകൊണ്ടുള്ള സംസാരവും അതി വിനയവും കണ്ടപ്പോൾ യശ്വന്തിന് മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നിരുന്നില്ല” യശ്വന്ത് ഒരു ചെറുപുഞ്ചിരിയാൽ പൊതി സ്വീകരിക്കുകയായിരുന്നു. യശ്വന്ത് ഇപ്പോൾ ജയിലിലാണ്
ഇപ്പോൾ മകനെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ,മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് നിവേദനം നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യശ്വന്തിന്റെ അമ്മയും കുടുംബവും.
അമ്മ ജയയുടെ പരാതിയിൽ കേരളത്തിലെ ഏജൻസിയെ കുറിച്ച് അന്വേഷിച്ച പോലീസ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എടത്തല സ്വദേശി നിയാസ്,കോതമംഗലം എരമല്ലൂർ സ്വദേശി ആഷിഖ് ഷമീർ,വൈക്കം സ്വദേശി രതീഷ് എന്നിവരാണ് അറസ്റ്റിലായത്.