ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് നോൺ-ടിക്കറ്റ് ആരാധകരെ വരെ ക്ഷണിക്കാം..

0
73 views
qatar_visa

നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ അന്താരാഷ്ട്ര ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് നോൺ-ടിക്കറ്റ് ആരാധകരെ വരെ ക്ഷണിക്കാൻ അനുവദിക്കുന്ന ‘ഹയ്യ വിത്ത് മീ (1+3)’ ഫീച്ചർ നിലവിൽ വന്നു.

ഫിഫ ലോകകപ്പ് ടിക്കറ്റ് നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഹയ്യ കാർഡ് ഉടമകൾക്ക് അവസരം പ്രയോജനപ്പെടുത്താം.

ഹയ്യ വിത്ത് മി (1+3) വൗച്ചറിലൂടെ അപേക്ഷിക്കുന്ന ടിക്കറ്റ് ഇല്ലാത്ത ആരാധകർ ഏത് പ്രായത്തിലുള്ളവരുമാകാം. അവർ സാധുവായ പാസ്‌പോർട്ട് കൈവശം വയ്ക്കണം, എന്നാൽ ഖത്തർ ഐഡി ഉടമകളാകാൻ പാടില്ല.

ടൂർണമെന്റിനിടെ അവർ ഖത്തറിലെ താമസവും സ്ഥിരീകരിക്കണം. ഓരോ ഹയ്യ വിത്ത് മി (1+3) അപേക്ഷകനും റീഫണ്ട് ചെയ്യപ്പെടാത്ത QAR 500 ഫീസ് നൽകേണ്ടതുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിരക്ക് ബാധകമല്ല.

അംഗീകൃത ഹയ്യ കാർഡ് അപേക്ഷകളുള്ള അന്താരാഷ്ട്ര ആരാധകർക്ക് ഇമെയിൽ വഴി ഖത്തറിലേക്കുള്ള പ്രവേശന അനുമതി ലഭിക്കും. ഹയ്യ കാർഡ് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനവും ടൂർണമെന്റ് സമയത്തേക്ക് സൗജന്യ പൊതുഗതാഗതവും മറ്റനവധി ആനുകൂല്യങ്ങളും നൽകും.

ഓരോ ഹയ്യ കാർഡ് ആപ്ലിക്കേഷനും ഒരു ഉപയോക്താവിന്റെ താമസസ്ഥലം സ്ഥിരീകരിക്കേണ്ടതുണ്ട് – ബുക്കിംഗ് ഖത്തർ അക്കോമഡേഷൻ ഏജൻസി (QAA) വഴിയോ അല്ലെങ്കിൽ തേഡ് പാർട്ടി ഹോട്ടലിലോ ആകാം.

ഹയ്യ വിത്ത് മീ (1+3) ഫീച്ചർ പ്രയോജനപ്പെടുത്തുന്നതിന്, അംഗീകൃത ഹയ്യ കാർഡ് ഉടമകൾ ഹയ്യ ആപ്പിൽ താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കണം:

‘മൈ ഹയ്യ’ തിരഞ്ഞെടുത്ത് ‘ആക്ഷൻ’ ക്ലിക്ക് ചെയ്യുക. ‘ഹയ്യ വിത്ത് മി’ തിരഞ്ഞെടുക്കുക- ഇവിടെ മൂന്ന് വൗച്ചർ കോഡുകൾ കാണും. ടിക്കറ്റ് എടുക്കാത്ത അപേക്ഷകർക്ക് വൗച്ചർ കോഡുകൾ നൽകണം.

ഹയ്യ വിത്ത് മി (1+3) അപേക്ഷകൻ ഈ ഘട്ടങ്ങൾ പാലിക്കണം: ഹയ്യ കാർഡിനായി അപേക്ഷിക്കുക. ‘അപേക്ഷക വിഭാഗത്തിൽ’ നിന്ന്, ‘ഹയ്യ വിത്ത് മി വൗച്ചർ’ തിരഞ്ഞെടുക്കുക. വൗച്ചർ കോഡ് നൽകുക ‘വാലിഡേറ്റ് മൈ വൗച്ചർ’ തിരഞ്ഞെടുക്കുക. നിബന്ധനകൾ അംഗീകരിക്കുക, അവലോകനം ചെയ്ത് സബ്മിറ്റ് ചെയ്യുക.