ദോഹ: വിദേശികളും സ്വദേശികളും ഉൾപ്പെടെ രാജ്യത്തെ ഓട്ടക്കാർ ആവേശപൂർവം കാത്തിരിക്കുന്ന ഗൾഫ് മാധ്യമം ‘ഖത്തർ റൺ’നാലാം പതിപ്പ് ഫെബ്രുവരി 24ന്. രാജ്യത്തെ അഭിമാനകരമായ ക്രോസ് കൺട്രി പോരാട്ടവേദികളിലൊന്നായി മാറിയ ഖത്തർ റൺ, ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആളുകളെ വഴിനടത്തിക്കുകയെന്ന ലക്ഷ്യവുമായാണ് അരങ്ങേറുന്നത്. ഇക്കുറി 60ലേറെ രാജ്യങ്ങളിൽനിന്നായി 700ലേറെ താരങ്ങളാണ് ഖത്തർ റണ്ണിന്റെ മത്സരക്കളത്തിലിറങ്ങുന്നത്.
പ്രഫഷനലുകളും പേരുകേട്ട അത്ലറ്റുകളും വിവിധ സമൂഹങ്ങളിൽ നിന്നുള്ള കായിക പ്രേമികൾ മാറ്റുരക്കാനിറങ്ങും. 24ന് വെള്ളിയാഴ്ച രാവിലെ 6.30ന് വിസിൽ മുഴങ്ങുന്ന പോരാട്ടത്തിലേക്ക് രജിസ്ട്രേഷൻ നടപടി തുടങ്ങി. ആഗോള കായികഭൂപടത്തിൽ ഇടം കണ്ടെത്തിയ ഖത്തറിന്റെ ആസ്ഥാന ഭൂമികയായ അൽ ബിദ പാർക്കിലാണ് നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്.
കായിക പ്രേമികളുടെ നിറസാന്നിധ്യവും അതിരുകളില്ലാത്ത ആവേശവും സമന്വയിക്കുന്ന ഹ്രസ്വ-ദീർഘ ദൂര ട്രാക്കിൽ ഇക്കുറിയും വിവിധ വിഭാഗങ്ങളിലായാണ് മത്സരം. കുട്ടികളുടെ പ്രൈമറി-സെക്കൻഡറി പ്രായവിഭാഗങ്ങളിലാണ് മത്സരം. 40നുമുകളിൽ പ്രായമുള്ളവർക്ക് മാസ്റ്റേഴ്സിൽ മത്സരിക്കാം. 17 മുതൽ മുകളിൽ പ്രായക്കാർക്ക് ഓപൺ വിഭാഗത്തിലും പങ്കെടുക്കാം. ഏഴു മുതൽ 10 വരെ പ്രായമുള്ളവർ പ്രൈമറി വിഭാഗത്തിലും, 11 മുതൽ 16 വരെ പ്രായക്കാർ സെക്കൻഡറി വിഭാഗത്തിലും മത്സരിക്കും. ഫിനിഷ് ചെയ്യുന്നവർക്കെല്ലാം ആകർഷകമായ മെഡൽ ലഭിക്കും. ഇലക്ട്രോണിക് ബിബുകൾ വഴിയാണ് സമയവും വേഗവുമടക്കം റണ്ണർമാരുടെ പ്രകടനം അടയാളപ്പെടുത്തുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി മാസ്റ്റേഴ്സ്, ഓപൺ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ട്. 10 കി.മീ., അഞ്ച് കി.മീ., മൂന്ന് കി.മീ. ദൂര വിഭാഗങ്ങളിൽ 16 കാറ്റഗറികളിലായി മത്സരം നടക്കും. 10 കി.മീ., അഞ്ച് കി.മീ. ഇനങ്ങളിൽ ഓപൺ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും മത്സരമുണ്ട്. മൂന്ന് കി.മീ ഇനത്തിൽ ഓപൺ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും പുറമെ, ജൂനിയേഴ്സിനും മത്സരമുണ്ടാകും.
ജൂനിയേഴ്സിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെക്കൻഡറി, പ്രൈമറി വിഭാഗങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. മിനി കിഡ്സ് വിഭാഗത്തിൽ ഏഴുവയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വെവ്വേറെ മത്സരമുണ്ടാകും. ഖത്തർ റണ്ണിന്റെ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കും രസകരവും ആകർഷകവുമായ ഫൺ ഗെയിമുകളും അരങ്ങേറും.
ഇന്ത്യ, ഖത്തർ, ബ്രിട്ടൻ, അമേരിക്ക, യുക്രെയ്ൻ, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, തുനീഷ്യ, ജർമനി, റഷ്യ, പാകിസ്താൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഓട്ടക്കാരാണ് പതിവായി മത്സരങ്ങളിൽ പങ്കാളികളാകുന്നത്. വിവരങ്ങൾക്ക് 5566 1334, 7720 0890 നമ്പറുകളിൽ ബന്ധപ്പെടാം. വാർത്തക്കൊപ്പം ചേർത്ത ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഖത്തർ റണ്ണിന് രജിസ്റ്റർ ചെയ്യാം.