ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി 10 മില്യൺ ദിർഹം (22 കോടി രൂപ) സംഭാവന ചെയ്തു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയിൽ അഞ്ച് വർഷത്തേക്കാണ് യൂസഫലി സംഭാവന പ്രഖ്യാപിച്ചത്.
മനുഷ്യത്വത്തിന്‍റെ ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിന്തുണക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവന നൽകുന്നതെന്ന് യൂസഫലി പറഞ്ഞു. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന ഈ പദ്ധതി ലോകത്തിനു യുഎഇ നൽകുന്ന മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യത്വപരമായ പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യുഎഇ അർഹരായവരെ പിന്തുണക്കാനും അശരണർക്ക് ഭക്ഷണം നൽകാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
റമദാൻ ഒന്നുമുതൽ ആരംഭിച്ച പദ്ധതി നൂറു കോടി പേർക്ക് ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത് വരെ തുടരും. റമദാന്‍റെ ആദ്യ ആഴ്ച പിന്നിടും മുൻപേ 25 കോടി ദിർഹമാണ് സംഭാവനയായി ലഭിച്ചത്. കഴിഞ്ഞ വർഷം 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് അർഹരിലേക്ക് എത്തുക.