ഇന്ത്യയുടെ ചന്ദ്രയാൻ 3 ന് പിന്നാലെ റഷ്യൻ പേടകവും ചന്ദ്രനിലേക്ക് ചന്ദ്രോപരിതലം തൊടാൻ മത്സരിച്ച് ഇരുപേടകങ്ങളും.

0
70 views

വർഷത്തിന് ഇടയിലുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ 25 ന്റെ വിക്ഷേപണം വിജയകരമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. മോസ്‌കോ സമയം അര്‍ധരാത്രി രണ്ടുമണിയോടെ വോസ്‌റ്റോഷ്‌നി കോസ്‌മോഡ്രോമില്‍ നിന്നാണ് ലൂണ-25 വിക്ഷേപിച്ചത്. അഞ്ച് ദിവസം കൊണ്ട് ചന്ദ്രന്റെ ആകർഷണ വലയത്തിൽ ലൂണ 25 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഏഴ് ദിവസം കൊണ്ട് ലാൻഡിംഗ് നടത്തും. അതുകഴിഞ്ഞ് ചന്ദ്രന്റെ ധ്രുവമേഖലയിൽ കണ്ടുവച്ചിരിക്കുന്ന മൂന്ന് ലാൻഡിംഗ് സൈറ്റുകളിലൊന്നിൽ ഇറങ്ങും.

ഇന്ത്യയുടെ ചന്ദ്രയാൻ 3, ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതിന് തൊട്ടു പിന്നാലെയാണ് റഷ്യൻ പേടകം വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ-3 ഉം റഷ്യയുടെ ലൂണ-25 ദൗത്യവും ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഇറങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാൻ 3 ഈ മാസം ഓഗസ്റ്റ് 23-ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സോഫ്റ്റ് ലാൻഡംഗിന് മുൻപോ, അതിനൊപ്പമോ, തൊട്ടു പിന്നാലെയോ ലൂണയും ചന്ദ്രോപരിതലം തൊടും.

ചന്ദ്രനിലെ താപചാലകത, താപവ്യതിയാനം എന്നിവയാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്നിന്റെ പഠനലക്ഷ്യങ്ങളെങ്കില്‍, റഷ്യയുടെ ലൂണ 25 ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം തുടങ്ങിയവ സംബന്ധിച്ച ഗവേഷണം ലക്ഷ്യമിടുന്നു.

ലൂണ 25 ഒരു വർഷത്തോളം ചാന്ദ്രോപരിതലത്തിൽ തുടരുമെന്നാണ് കരുതുന്നത്. ദൗത്യം വിജയിച്ചാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്ക് ശേഷം റഷ്യൻ മണ്ണിൽ നിന്നുള്ള ആദ്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ലൂണ 25 സ്വന്തമാക്കും. ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്നും ദക്ഷിണധ്രുവത്തിലാണ് സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതെങ്കിലും വ്യത്യസ്ത മേഖലകളിലാകും ഇരു പേടകങ്ങളും ഇറങ്ങുക

800 കിലോഗ്രാമാണ് ലൂണ 25 പേടകത്തിന്റെ ഭാരം. 1976-ലെ ലൂണ ദൗത്യം ചന്ദ്രനിൽ നിന്ന് മണ്ണും പാറയും ശേഖരിച്ചിരുന്നു. ലൂണ 25 ഇത്തരം സാമ്പിളുകൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപമമാണ് രണ്ട് വർഷത്തിന് ശേഷം ഇപ്പോൾ സംഭവിച്ചത്. 1976-ലായിരുന്നു റഷ്യയുടെ ഒടുവിലത്തെ ചാന്ദ്രദൗത്യം.