ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരുടെ അപ്പീലുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ധം ബാഗ്ചി പറഞ്ഞു.

0
92 views

ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരുടെ അപ്പീലുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ധം ബാഗ്ചി പറഞ്ഞു.

ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ഇന്ത്യൻ നാവിക സേനയിലെ മുൻ യുദ്ധക്കപ്പലുകളുടെ കമാൻഡർമാരായ ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് പേരെ, ചാരവൃത്തി ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 26 ന് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

“ഈ കേസ് ഇപ്പോൾ അപ്പീൽ കോടതിയിലാണ്, നവംബർ 23, നവംബർ 30, ഡിസംബർ 3, 7 എന്നീ തീയതികളിൽ മൂന്ന് ഹിയറിംഗുകൾ നടന്നു. അതിനിടയിൽ, ദോഹയിലെ ഞങ്ങളുടെ അംബാസഡർക്ക് . എട്ട് പേരെയും കാണാൻ കോൺസുലർ പ്രവേശനം ലഭിച്ചു. എന്നാൽ ഇതിനപ്പുറം ഈ ഘട്ടത്തിൽ എനിക്കൊന്നും പങ്കുവെക്കാനില്ല,” ചോദ്യങ്ങൾക്ക് മറുപടിയായി ബാഗ്ചി പറഞ്ഞു.

ഡിസംബർ 18ന് ഖത്തർ ഭരണാധികാരി മാപ്പുനൽകിയവരെ കുറിച്ച് ഇന്ത്യൻ ഭാഗത്തിന് ഒരു വിവരവുമില്ലെന്ന് ബാഗ്ചി പറഞ്ഞു. “ഈ എട്ടുപേരും അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ല, നിങ്ങൾക്കറിയാവുന്നതുപോലെ, കേസ് നടക്കുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി.

“മാപ്പ് ലിസ്‌റ്റോ അതിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന വിവരമോ ഇന്ത്യക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അതിൽ ചില ഇന്ത്യക്കാർ ഉണ്ടെന്ന് എനിക്കറിയാം,” അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയും ഖത്തർ അമീറും അടുത്തിടെ ചർച്ച നടത്തിയെങ്കിലും ചർച്ചയുടെ വിശദാംശങ്ങളിലേക്ക് കടക്കാനും ബാഗ്ചി വിസമ്മതിച്ചു. ഖത്തറും ഇക്കാര്യങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.