ആളോഹരി ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) അടിസ്ഥാനത്തിൽ ആഗോള സമ്പത്ത് വിലയിരുത്തിക്കൊണ്ട് ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ ഖത്തർ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെയും ജനങ്ങളുടെ ഉയർന്ന ജീവിതനിലവാരത്തിന്റെയും അംഗീകാരത്തെക്കൂടിയാണ് ഈ റിപ്പോർട്ട് പ്രതിഫിലിപ്പിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ഖത്തറിന്റെ ജി.ഡി.പി 235.5 ബില്യൻ ഡോളറും ജനസംഖ്യ 29.3 ലക്ഷവുമാണ്. പ്രകൃതി വിഭവങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്നും വലിയ തോതിൽ പ്രയോജനം നേടുന്നുവെന്നത് ഖത്തറിനെ വേറിട്ട് നിർത്തുന്ന ഘടകമാണ്. എണ്ണ, പ്രകൃതിവാതക ശേഖരം എന്നിവ രാജ്യത്തിന്റെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വലുതാണ്.
കൂടാതെ ഖത്തറിന്റെ ആഗോള സാമ്പത്തിക നിലയുടെ വ്യക്തമായ സൂചകവും ആകെ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങളും സംബന്ധിച്ച ഉൾക്കാഴ്ചയെ കുറിച്ചും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫോർബ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യു.എ.ഇ ആറും, സ്വിറ്സർലൻഡ് ഏഴും, സാൻമാരിനോ എട്ടും സ്ഥാനത്താണുള്ളത്.