ഈദുൽ അദ്ഹ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്കായി പ്രത്യക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

0
90 views

ഈദുൽ അദ്ഹ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) യാത്രക്കാർക്കായി പ്രത്യക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജൂൺ 13 മുതൽ പീക്ക് ദിനങ്ങൾ ആരംഭിക്കുമെന്നും അറൈവൽ ദിനങ്ങൾ ജൂൺ 20 മുതൽ ആരംഭിക്കുമെന്നും അധികൃതർ കണക്കാക്കുന്നു.
ദോഹയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരോട് ഓൺലൈനിൽ ചെക്ക് ഇൻ ചെയ്യാനും ഫ്ലൈറ്റിന് മുമ്പ് കഴിവതും നേരത്തെ എത്തിച്ചേരാനും അധികൃതർ അഭ്യർത്ഥിച്ചു. ചെക്ക്-ഇൻ പുറപ്പെടുന്ന സമയത്തിന് 60 മിനിറ്റ് മുൻപും ബോഡിംഗ് 20 മിനിറ്റിനു മുൻപും അവസാനിക്കും.

വിമാനത്താവളത്തിൽ സെൽഫ് സർവീസ്- ചെക് ഇൻ, ബാഗ് ഡ്രോപ്പ് സൗകര്യങ്ങൾ ലഭ്യമാണ്. ഇത് യാത്രക്കാരെ ചെക്ക്-ഇൻ ചെയ്യാനും ബോർഡിംഗ് പാസുകളും ബാഗ് ടാഗുകളും പ്രിൻ്റ് ചെയ്യാനും സഹായിക്കുന്നു. ബാഗുകൾ ടാഗ് ചെയ്തതിന് ശേഷം ബോർഡർ റിസ്ട്രക്ഷനിലേക്ക് പോകുന്നതിന് മുമ്പ് ബാഗ് ഡ്രോപ്പ് കൗണ്ടറുകളിൽ അവ ഇടുക.

18 വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നില്ലെങ്കിൽ ഇ-ഗേറ്റുകൾ വഴി ഇമിഗ്രേഷൻ പ്രക്രിയ വേഗത്തിലാക്കാൻ യാത്രക്കാർക്ക് സാധിക്കും. ബാഗേജ് അലവൻസും ഭാര നിയന്ത്രണങ്ങളും എയർലൈനുകൾ കർശനമായി പ്രയോഗിക്കും. യാത്രക്കാർ അവരുടെ നിർദ്ദിഷ്ട എയർലൈനിൽ നിന്ന് ലഗേജ് മാർഗ്ഗ നിർദ്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിക്കുന്നു. നിലവാരമില്ലാത്തതോ വലുപ്പമുള്ളതോ ആയ ലഗേജുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. യാത്രക്കാർക്കായി ലഗേജ് വെയ്‌യിംഗ് മെഷീനുകൾ സഹിതം ബാഗേജ് റീപാക്ക് ഏരിയ ലഭ്യമാണ്.

സുരക്ഷാ താൽപ്പര്യം കണക്കിലെടുത്ത്, യാത്രക്കാർ വാഹനങ്ങൾ കർബ്‌സൈഡിൽ നിർത്തിയിടരുതെന്ന് നിർദ്ദേശിക്കുന്നു, പകരം പ്രത്യേക ഷോട്ട് ടെം പാർക്കിംഗ് സൗകര്യം ഉപയോഗിക്കണം.

ഇവ കൂടാതെ, സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാർ ലിക്വിഡ്, എയറോസോൾ, ജെൽ തുടങ്ങിയ നിരോധിത വസ്തുക്കളൊന്നും കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും ദ്രാവക പാത്രങ്ങൾ ഉണ്ടെങ്കിൽ അവ 100 മില്ലി വരെ ഉള്ള വ്യക്തവും വീണ്ടും സീൽ ചെയ്യാവുന്നതുമായ പ്ലാസ്റ്റിക് ബാഗിൽ പായ്ക്ക് ചെയ്യണം.

മൊബൈൽ ഫോണുകളേക്കാൾ വലിപ്പമുള്ള ഇലക്ട്രോണിക് വസ്തുക്കൾ നിർബന്ധമായും ബാഗുകളിൽ നിന്ന് നീക്കം ചെയ്ത് എക്സ്-റേ സ്ക്രീനിംഗിനായി ട്രേകളിൽ വെക്കണം.
ഹോവർബോർഡുകൾ പോലെയുള്ള ലിഥിയം ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറിയ വാഹനങ്ങൾ കൊണ്ടു പോകുന്നത് നിരോധിച്ചിരിക്കുന്നു. അവധിക്കാലമായതിനാൽ വളർത്തു മൃഗങ്ങളുമൊത്തുള്ള യാത്ര പരമാവധി കുറയ്ക്കാനും യാത്രക്കാർക്ക് നിർദ്ദേശമുണ്ട്. ടെർമിനലിൽ ലഭ്യമായ റാപ്പിംഗ് സൗകര്യങ്ങളിൽ ബാഗുകൾ പൊതിയണമെന്നും നിർദേശമുണ്ട്.