2024/2025 ക്രൂയിസ് സീസണിൻ്റെ ആദ്യ പകുതിയിൽ 191,944 യാത്രക്കാരുമായി 53 ക്രൂയിസ് കപ്പലുകൾ ഖത്തറിൽ എത്തിയതായി ഖത്തർ ടൂറിസം അറിയിച്ചു..

0
74 views

2024/2025 ക്രൂയിസ് സീസണിൻ്റെ ആദ്യ പകുതിയിൽ 191,944 യാത്രക്കാരുമായി 53 ക്രൂയിസ് കപ്പലുകൾ ഖത്തറിൽ എത്തിയതായി ഖത്തർ ടൂറിസം അറിയിച്ചു. ഇവരിൽ 20,951 പേർ ദോഹയിൽ നിന്ന് ക്രൂയിസ് യാത്ര ആരംഭിച്ച ടേൺ റൗണ്ട് യാത്രക്കാരാണ്. ഖത്തർ ടൂറിസം പറയുന്നതനുസരിച്ച്, മിഡ്-സീസൺ ആയപ്പോഴേക്കുമുള്ള ശക്തമായ പ്രകടനം (ജനുവരി 20 വരെ) ഖത്തർ ജിസിസി മേഖലയിലെ ഒരു പ്രധാന ക്രൂയിസ് ടൂറിസം ഹബ്ബായി മാറുന്നുവെന്ന് കാണിക്കുന്നു.

ഈ സീസണിൽ ആദ്യമായി ദോഹ സന്ദർശിക്കുന്ന നാല് ക്രൂയിസ് കപ്പലുകളായ റിസോർട്ട്സ് വേൾഡ് വൺ, എംഎസ്‌സി യൂറിബിയ, സെലസ്റ്റിയൽ ജേർണി, കോസ്റ്റ സ്മെറാൾഡ എന്നിവർ എത്തിയിരുന്നു. മറ്റൊരു ക്രൂയിസ് കപ്പലായ നോർവീജിയൻ സ്കൈ 2025 ഏപ്രിൽ 12-ന് ദോഹ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ എട്ടാമത്തെ വലിയ ക്രൂയിസ് കപ്പലായ കോസ്റ്റ സ്മെറാൾഡ ദോഹയിലേക്ക് 10 യാത്രകൾ നടത്തി ഏകദേശം 82,000 യാത്രക്കാരെ കൊണ്ടുവരും.

ഖത്തറിൻ്റെ വിനോദസഞ്ചാര വ്യവസായത്തിൻ്റെ ദ്രുതഗതിയിലുള്ള വളർച്ച ഞങ്ങളുടെ ദേശീയ ടൂറിസം സ്ട്രാറ്റജി 2030-ൻ്റെ ഭാഗമാണെന്ന് ഖത്തർ ടൂറിസത്തിലെ ടൂറിസം ഡെവലപ്‌മെൻ്റ് സെക്ടർ ചീഫ് ഒമർ അൽ ജാബർ പറഞ്ഞു. 2025 ഏപ്രിലിൽ സീസണിൻ്റെ അവസാനത്തോടെ 30-ലധികം ക്രൂയിസ് കപ്പലുകൾ കൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.