
വിസിറ്റ് ഖത്തറും ഖത്തരി ഡയറും ചേർന്ന് ഈദ് അൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലുസൈൽ സ്കൈ ഫെസ്റ്റിവൽ ആരംഭിച്ചു. 2025 ഏപ്രിൽ 3 മുതൽ 5 വരെ വൈകുന്നേരം 4 മുതൽ രാത്രി 10 വരെ ലുസൈലിലെ അൽ സാദ് പ്ലാസയിലാണ് ഫെസ്റ്റിവൽ നടക്കുക. എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാം. തുറന്ന അന്തരീക്ഷത്തിൽ നടക്കുന്ന ലുസൈൽ സ്കൈ ഫെസ്റ്റിവൽ ഒരു മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നു. ഇന്റർനാഷണൽ എയറോബാറ്റിക്‌സ്, സ്കൈ ഡൈവിംഗ് പെർഫോമൻസുകൾ, സ്കൈറൈറ്റിംഗ് ഡിസ്പ്ലേകൾ, ഹൈ-സ്പീഡ് ജെറ്റ് ഷോകൾ എന്നിവയുൾപ്പെടെയുള്ള പ്രകടനങ്ങൾ ആകാശത്ത് നടക്കും. വിമാനങ്ങൾ വിവിധ വർണ്ണത്തിലുള്ള പുക കൊണ്ട് സങ്കീർണ്ണമായ പാറ്റേണുകൾ രൂപപ്പെടുത്തുന്നതിനൊപ്പം മിന്നുന്ന ലേസർ ഡിസ്പ്ലേകളും കരിമരുന്ന് പ്രദർശനങ്ങളും പ്രേക്ഷകർക്ക് ആവേശം നൽകും.
3,000-ത്തിലധികം ഡ്രോണുകളും കരിമരുന്ന് പ്രയോഗത്തിനായി 150 വിമാനങ്ങളും ഉൾപ്പെടുന്ന ഒരു ഡ്രോൺ ഷോ ആയിരിക്കും പ്രധാന ആകർഷണങ്ങളിലൊന്ന്. ഗ്രൗണ്ടിൽ, സന്ദർശകർക്ക് വൈവിധ്യമാർന്ന വിനോദ പരിപാടികൾ ആസ്വദിക്കാം, അതിൽ 14 ഫുഡ് ട്രക്കുകളും മറ്റു വണ്ടികളും ഉൾപ്പെടുന്ന ഒരു ഫുഡ് സോൺ ഉണ്ട്. ലൈവ് പെർഫോമൻസുകളും ഫാമിലി ഫ്രണ്ട്ലി ആക്റ്റിവിറ്റിസും ഉൾക്കൊള്ളുന്ന ഒരു നാടക വേദിയും ഉണ്ടായിരിക്കും.