മൃഗങ്ങള്‍ക്കായി വന്‍കിട ക്വാറന്റൈന്‍ കേന്ദ്രം ഒരുക്കി ഖത്തർ…

0
67 views

ഖത്തറില്‍ കന്നുകാലികള്‍ അടക്കമുള്ള മൃഗങ്ങള്‍ക്കായി പണിയുന്ന വന്‍കിട ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍. കന്നുകാലികളില്‍ നിന്ന്മനുഷ്യരിലേക്കും തിരിച്ചും രോഗ ബാധ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താനായാണ് ക്വാറന്റൈന്‍ പണിയുന്നത്.

95 ദശലക്ഷം റിയാല്‍ ചെലവില്‍ അത്യാധുനിക നിലവാരത്തിലാണ് കേന്ദ്രങ്ങള്‍ പണിയുന്നത്. തുറമുഖങ്ങള്‍ വഴി രാജ്യത്തേക്കെത്തുന്ന കന്നുകാലികളെ പുറത്തിറക്കുന്നതിന് മുമ്പായി ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും. കേന്ദ്രങ്ങളില്‍ വെച്ച് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ളവ ഇല്ലെന്ന് ഉറപ്പുവരുത്തും. റുവൈസ് തുറമുഖത്തിനടുത്ത് 30,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് കേന്ദ്രം നിര്‍മിക്കുന്നത്. 16,000 ആടുകള്‍, 1600 ഒട്ടകങ്ങള്‍, 2600 പശുക്കള്‍ എന്നിവയെ ഇതിലുള്‍ക്കൊള്ളാനാകും. ഹമദ് തുറമുഖത്തിനടുത്ത് നിര്‍മിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിന് 90,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ടാകും. 2000 ഒട്ടകങ്ങള്‍, 40,000 ആടുകള്‍, 4000 പശുക്കള്‍ എന്നിവയെ ഉള്‍ക്കൊള്ളാന്‍ വിധത്തിലാണ് കേന്ദ്രത്തിന്റെ നിര്‍മാണം. രണ്ടു കേന്ദ്രത്തിലും വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരെയും നിയമിക്കും. മണിക്കൂറില്‍ 650 കിലോ വരെ ശേഷിയുള്ള ഇന്‍സിനറേറ്ററും ഇവിടെ സ്ഥാപിക്കുന്നുണ്ട്.