വിശ്വാസ്യതയാര്‍ന്ന പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് 200 കോവിഡ് രോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി പത്ത് ലക്ഷം രൂപയാണ് കല്യാണ്‍ ജൂവലേഴ്സ് മാറ്റിവെച്ചിരിക്കുന്നത്.
അമല ആശൂപത്രിയുടെ ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന 20 രോഗികള്‍ക്കും വാര്‍ഡില്‍ ചികിത്സയിലിരിക്കുന്ന 180 രോഗികള്‍ക്കുമാണ് സഹായം ലഭ്യമാക്കുന്നത്. അമല ആശുപത്രി നിര്‍ദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് രോഗികള്‍ക്ക് അവരുടെ ചികിത്സാചെലവിന്‍റെ ഒരു നിശ്ചിത ശതമാനമാണ് കല്യാണ്‍ ജൂവലേഴ്സ് നല്‍കുക.
മഹാമാരിയുടെ ഈ പ്രതിസന്ധികാലത്ത് അര്‍ഹരായവരിലേക്ക് സഹായമെത്തിക്കേണ്ടത് കടമയായി കരുതുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ആതുരസേവനരംഗത്ത് മികച്ച പാരമ്പര്യമുള്ള തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് രോഗികള്‍ക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറായ കല്യാണ്‍ ജൂവലേഴ്സ് മാനേജ്മെന്‍റിനെ അഭിനന്ദിക്കുന്നുവെന്ന് അമല ആശുപത്രി ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ പറഞ്ഞു.