ഖത്തറില്‍ ‘മെര്‍സ്’ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം…

0
88 views
covid_vaccine_qatar_age_limit

ദോഹ: ഖത്തറില്‍ ‘മെര്‍സ്’ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. 50 വയസുകാരനായ പുരുഷനിലാണ് ‘മിഡില്‍ ഈസ്റ്റ് റെസ്‍പിറേറ്ററി സിന്‍ട്രോം’ എന്ന ‘മെര്‍സ്’ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഒട്ടകങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നു.

വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന വരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. നാഷണല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഇവരെയും 14 ദിവസം നിരീക്ഷണത്തിന് വിധേയമാക്കും.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം എല്ലാ മുന്‍കരുതല്‍ നടപടികളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചുവരികയാണ്. കൊറോണ വൈറസ് വിഭാഗത്തില്‍ പെടുന്ന വൈറസായ മെര്‍സ്, ശ്വസന വ്യവസ്ഥയിലെ അവയവങ്ങളെയാണ് ബാധിക്കുന്നത്.

പൊതുജനങ്ങള്‍ ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ പാലിക്കണമെന്നും ഗുരുതരമായ അസുഖങ്ങളുള്ളവരും പ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

വെള്ളവും സോപ്പും ഉപയോഗിച്ചോ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുക, ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടയിലെ അസ്വസ്ഥത, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ വൈദ്യ സഹായം തേടുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.