പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി :ഏപ്രിൽ 1 മുതൽ ബന്ധിപ്പിക്കുന്നതിന് 500 രൂപ പിഴ..

0
81 views

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ അടക്കേണ്ടിവരും.

ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത് ഒരു വർഷം കൂടി നീട്ടിനൽകിയത്. 2023 മാർച്ച് 31 വരെയാണ് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി.

കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 മാർച്ച് 31നുള്ളിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിന്നീട് അവ ഉപയോഗിക്കാനാകില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ ആദായനികുതി റിട്ടേൺ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2023 സാമ്പത്തിക വർഷത്തിനകം ഒരു നികുതിദായകൻ തന്റെ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, 2023 മാർച്ച് 31-ന് ശേഷം അയാളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) ബുധനാഴ്ച അറിയിച്ചു.

ഇതുവരെ ആധാറുമായി പാൻ ലിങ്ക് ചെയ്യാത്തവർ ഇന്ന് മാർച്ച് 31 വ്യാഴാഴ്‌ചയ്‌ക്കുള്ളിൽ അത് ഉടൻ ലിങ്ക് ചെയ്യണമെന്ന് CBDT അറിയിച്ചു. അല്ലാത്തപക്ഷം, ഈ തീയതിക്ക് ശേഷം, ലിങ്ക് ചെയ്യുന്നതിന് 500 മുതൽ 1000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 മാർച്ച് 31 ആണെന്ന് CBDT അറിയിച്ചു. ഇതിന് ശേഷം ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്‌ക്കേണ്ടി വരും. 2022 ഏപ്രിൽ 1 മുതൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 500 രൂപ പിഴ ഈടാക്കുമെന്നും അത് 2022 ജൂൺ 30 വരെയായിരിക്കുമെന്നും CBDT അറിയിച്ചു.

ഇതിന് ശേഷം നികുതിദായകർ 1000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്നും ഇത് മാർച്ച് വരെയായിരിക്കുമെന്നും അറിയിച്ചു. 2023 മാർച്ച് 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ നിർജ്ജീവമാക്കുമെന്ന് CBDT അറിയിച്ചു.