ഖത്തറിലെ വിനോദസഞ്ചാര മേഖല തുറന്നു നല്‍കിയതോടെ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വെയ്‌സ് ഹോളിഡേസും ചേര്‍ന്ന് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു..

0
76 views

ദോഹ: ഖത്തറിലെ വിനോദസഞ്ചാര മേഖല തുറന്നു നല്‍കിയതോടെ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വെയ്‌സ് ഹോളിഡേസും ചേര്‍ന്ന് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഖത്തറിലുള്ള കുടുംബങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ പാക്കേജ് അവതരിപ്പിച്ചിരികുന്നത്.

ടൂറിസ്റ്റ് വിസയില്‍ വരുന്ന എല്ലാവര്‍ക്കും തീര്‍ച്ചപ്പെടുത്തിയ ഹോട്ടല്‍ റിസര്‍വേഷന്‍ ഉണ്ടായിരിക്കണം. ഇതിനുവേണ്ടി ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വെയ്‌സ് ഹോളിഡേസും പ്രമുഖ ഹോട്ടലുകളുമായി സഹകരിച്ചുള്ള പാക്കേജുകള്‍ ചെയ്യുന്നുണ്ട്. വ്യത്യസ്ത തുകകളിലുള്ള ഹോട്ടലുകള്‍ ഈ പാക്കേജില്‍ ലഭ്യമാണ്.

ആഡംബര ഹോട്ടലുകളായ ഹില്‍ട്ടണ്‍ ദോഹ, ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട്, റിറ്റ്സ്-കാള്‍ട്ടണ്‍ ദോഹ, മോണ്‍ഡ്രിയന്‍ ദോഹ, വെസ്റ്റിന്‍ ദോഹ ഹോട്ടല്‍ & സ്പാ അല്‍ മെസില റിസോര്‍ട്ട് തുടങ്ങിയവയിലാണ് താമസ സൗകര്യം ലഭിക്കുക. ഫാമിലി ആന്‍ഡ് ഫ്രന്റ്സ് പാക്കേജില്‍ ഒരാള്‍ക്ക് 1,721 റിയാല്‍ മുതലാണ് ചെലവാകുക. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം സൗജന്യമായി താമസിക്കാം. അഞ്ച്, ഏഴ്, 10 ദിവസത്തെ താമസ സൗകര്യമാണ് പാക്കേജുകളില്‍ ഉള്ളത്.

ഓരോ പാക്കേജിലും സൗജന്യ പ്രഭാതഭക്ഷണം, ഹോട്ടലിലെ ഭക്ഷണ പാനീയങ്ങളില്‍ 20 ശതമാനം ഡിസ്‌കൗണ്ട്, എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍ എന്നിവ ലഭ്യമാണ്. ഖത്തറിലെ പ്രധാന സ്ഥലങ്ങള്‍, മരുഭൂമി, ഇന്‍ലാന്റ് സീ എന്നിവിടങ്ങളിലേക്ക് നാല് മണിക്കൂര്‍ നീളുന്ന ഡിസ്‌കവര്‍ ദോഹ സിറ്റി ടൂറും ഇതില്‍പ്പെടും. ഉപയോക്താക്കള്‍ക്ക് അവരുടെ പാക്കേജിലേക്ക് എക്സ്‌ക്ലൂസീവ് മീറ്റ്, അസിസ്റ്റ് ഓഫറുകള്‍ എന്നിവ ചേര്‍ക്കാനും കഴിയും.