മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം.
യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകർക്കാണ് ഒന്നാം ഘട്ടത്തിൽ ഒമാൻ ദീർഘകാല റെസിഡൻസ് പെർമിറ്റ് നൽകിയിരിക്കുന്നത്. ഇന്ന് മസ്കറ്റിൽ ഈ സംവിധാനത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ ഒമാൻ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിൽ നിന്നും ആദ്യത്തെ റസിഡൻസി എം എ യൂസഫലി ഏറ്റുവാങ്ങി.
ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക , തദ്ദേശ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക , ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ഒമാൻ ഇങ്ങനെ ദീർഘ കാല റെസിഡൻസ് പരിഗണന നൽകുന്നത് .
ഒമാൻ 2040 എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ ആദരവെന്ന് ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഖാലിദ് ബിൻ സഈദ് അൽ ശുഐബി വ്യക്തമാക്കി .ദീർഘകാല റസിഡൻസ് സംവിധാനത്തെ അംഗീകാരവും ആദരവുമായി കണ്ട് വിനയത്തോടെ സ്വീകരിക്കുന്നതായി എം എ യൂസഫലി പ്രതികരിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയിദിനോടും ഒമാൻ സർക്കാരിനോടും നന്ദി പ്രകാശിപ്പിക്കുന്നതായും യൂസഫലി പറഞ്ഞു.
ഒമാൻ 2040 വിഷന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും മുൻനിര റീട്ടെയിൽ ഗ്രൂപ്പ് ആയ ലുലു ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക ഘടനയെ മെച്ചപ്പെടുത്താനും ഈ ദീർഘ കാല റെസിഡൻസ് എന്ന അംഗീകാരം ഉപകാരപ്രദമാകും. ദീർഘ വീക്ഷണത്തോടെയുള്ള ഇത്തരം നടപടികൾ കൂടുതൽ വിദേശ നിക്ഷേപം ഒമാനിലേക്ക് വരുവാൻ സഹായിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.
യു.എ.ഇ. യുടെ ഗോൾഡൻ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡൻസി എന്നിവയും ഇതിനുമുമ്പ് യൂസഫലിക്ക് ലഭിച്ചിരുന്നു. ജിസിസി രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 215 ഹൈപ്പർമാർക്കറ്റുകളുള്ള ലുലുവിന് ഒമാനിൽ മാത്രം 27 ഹൈപ്പർമാർക്കറ്റുകളുണ്ട് .
ഫോട്ടോ: വിദേശ നിക്ഷേപകർക്ക് ഒമാൻ നൽകുന്ന ദീർഘകാല റസിഡൻസ് വിസ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ.യൂസഫലി ഒമാൻ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിൽ നിന്നും ഏറ്റുവാങ്ങുന്നു.