ദോഹ. ഖത്തറിലേക്ക് സി.സി.ടി.വി. കാമറകള്‍ ഇറക്കുമതി ചെയ്യുവാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കാപ്റ്റന്‍ ജാസിം സാലഹ് അല്‍ സുലൈത്തി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സിസ്റ്റംസിന്റെ കീഴില്‍ വരുന്ന സെക്യൂരിറ്റി സിസ്റ്റംസ് ഡിപ്പാര്‍ട്‌മെന്റിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വകുപ്പിലെ വിദഗ്ധരായ ഇന്‍സ്‌പെക്ടര്‍മാര്‍ സി.സി.ടി.വി. കാമറകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇറക്കുമതിക്ക് അനുമതി നല്‍കുക. സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സി.സി.ടി.വി. കാമറകളുടെ പങ്ക് വലുതാണെന്നും ഗുണനിലവാരവും സെക്യൂരിറ്റിയും കണക്കിലെടുത്താണ് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.