ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്. ഏഷ്യന്‍ വന്‍കരയില്‍ നിന്നും ആതിഥേയരായ ഖത്തറിനെ കൂടാതെ സൗദി അറേബ്യ, ഇറാഖ്, ഒമാന്‍, ബഹറൈന്‍, യു. എ. ഇ, സിറിയ, ജോര്‍ഡാന്‍, ഫലസ്തീന്‍, ലെബനോണ്‍ എന്നീ പത്ത് ടൂമുകളും ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നും ഈജിപ്ത്, തുനീഷ്യ, അള്‍ജീരിയ, മൊറോക്കോ, മൗറീതാനിയ, സുഡാന്‍ എന്നീ 6 ടീമുകളുമടക്കം മൊത്തം പതിനാറ് ടീമുകളാണ് ഫിഫഅറബ് കപ്പിനായി മാറ്റുരക്കുന്നത്.
ഫിഫ ഭാരവാഹികള്‍, വിവിധ രാഷ്ട്ര തലവന്മാര്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലെ വര്‍ണാഭമായ ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉദ്ഘാടനം ചെയ്യും.
ഫിഫ ലോക കപ്പ് 2022 ന്റെ ഉദ്ഘാടന മല്‍സരത്തിനായി ഖത്തര്‍ പണി തീര്‍ത്ത അല്‍ ബയ്ത്ത് സ്റ്റേഡിയം ഇന്ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇന്ന് 7.30 ന് ഖത്തറും ബഹറൈനും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തോടെയാണ് സ്‌റ്റേഡിയം മിഴിതുറക്കുക.