ദോഹ : ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീർത്തികരമായ പരാമർശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല. അതോടൊപ്പം ഗൾഫ് രാജ്യങ്ങൾക്കെതിരെ, പ്രത്യേകിച്ചും ഖത്തറിനെതിരെ വ്യാപകമായ ആക്രമണമാണ് സംഘപരിവാർ അനുകൂലികൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ അഴിച്ചുവിട്ടത്. ഖത്തർ എയർവെയ്‌സിനെ ബഹിഷ്‌ക്കരിക്കാൻ ആഹ്വനം ചെയ്യുന്ന ‘ബോയ്‌കോട്ട് ഖത്തർ എയർവെയ്‌സ്’ കാമ്പയിൻ നടന്നു കൊണ്ടിരിക്കുന്നു.
ഇതിനെ തുടർന്ന് ഇന്ത്യക്കും അറബ്-ഗൾഫ് രാജ്യങ്ങൾക്കും ഇടയിലെ നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചിൽ പരിഹരിക്കാൻ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നരേന്ദ്രമോദി സർക്കാർ തുടർച്ചയായി ശ്രമിച്ചുവരുന്നു എങ്കിലും ഇന്ത്യയിൽ മുസ്‌ലിം ന്യുനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് മിക്ക ഗൾഫ് രാജ്യങ്ങളും സംഭവത്തെ കാണുന്നത്.
ഇന്ത്യക്കെതിരെ പശ്ചിമേഷ്യയിൽ അലയടിക്കുന്ന പൊതുജനരോഷം സാമ്പത്തിക ബഹിഷ്കരണത്തിലേക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ചില സ്ഥാപനങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചു തുടങ്ങിയതായി ‘ഔട് ലുക്ക്’ റിപ്പോർട്ട് ചെയ്തു. വടികൊടുത്തു അടിവാങ്ങിയെന്ന് ചില കോൺഗ്രസ് നേതാക്കൾ ബിജെപിനേതാക്കളെ കളിയാക്കി കൊണ്ട് ട്വീറ്റ് ചെയ്തു.
പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ നേതാക്കളെ പുറത്താക്കിയതിൽ ബി.ജെ.പിക്കുള്ളിൽ വലിയ അസംതൃപ്‌തിയും വാക്ക് തർക്കവും അരങ്ങേറി. ഖത്തറിന്റെ സമ്മർദം മൂലമാണ് നേതാക്കളെ പുറത്താക്കിയതെന്നും ഖത്തറിന് എങ്ങിനെയാണ് ഇത്രയുമധികം സ്വാധീനം ലഭിച്ചതെന്നും ഖത്തറിനെ നിശിതമായി വിമർശിച്ചുകൊണ്ട് വലതുപക്ഷ അനുഭാവികൾ ചോദിച്ചു.
ഗൾഫിൽ കുവൈത്തും ഖത്തറും മാത്രമാണ് അംബാസ്സഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതെന്നത് ശ്രദ്ധേയമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുന്നത്.
തന്റെ ശിഷ്യർക്ക് പറ്റിയ അമളി കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ക്രൂഡോയിൽ നിർത്തലാകുമോ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമോ എന്ന ഭയത്തിലാണ് പ്രധാനമന്ത്രി മോദിജി എന്ന് ചില വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അറബ് രാഷ്ട്രങ്ങളുടെ അതൃപ്തി തീർക്കാൻ നേരിട്ട് ഇടപെടാനിരിക്കുകയാണ് മോദിജിയിപ്പോൾ.