ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന. ലയണൽ മെസി എൻസോ ഫെർണാണ്ടസ് എന്നിവരാണ് മെക്സിക്കൻ വല കുലുക്കിയത്. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്. ഈ ഗോളോടെ തുടര്‍ച്ചായി ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസിയ്ക്ക് സാധിച്ചു.
മെസ്സിയുടെ 21-ാം ലോകകപ്പ് മത്സരമാണിത്. ഇതോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്തി മെസി.
ആദ്യപകുതിയിൽ കരുത്തുറ്റ മെക്സിക്കൻ പ്രതിരോധ മതിൽ തകർക്കാൻ കഴിയാതെ നിന്ന മെസിയും സംഘവും രണ്ടാം പകുതിയിൽ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. 50ാം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽ മെസ്സിയെ ഫൗൾ ചെയ്തതിന് അർജന്‍റീനക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മെസ്സിയുടെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പോയി.
കളിയുടെ 64 ആം മിനിറ്റ് വരെ വേണ്ടി വന്നു മെക്സിക്കൻ മതിൽ തകരാൻ. സാക്ഷാൽ മെസി ആദ്യം മെക്സിക്കൻ വല കുലുക്കി. വലതുവിങ്ങിൽ നിന്ന് ഏഞ്ചൽ ഡി മരിയ നൽകിയ ക്രോസാണ് ഗോളിലേക്ക് വഴിയൊരുക്കിയത്.
നിശ്ചിത സമയം അവസാനിപ്പിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ 21 വയസ്സുകാരൻ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന ലീഡുയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസമായിരുന്നു അർജന്റീനയുടേയും മെക്സിക്കോയുടേയും കളി. എന്നാൽ ആക്രമണത്തിൽ മുൻതൂക്കം മെക്സിക്കോക്കായിരുന്നു.