ഹയ്യാ കര്‍ഡ് കാലാവധി ഖത്തര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി..

0
63 views
qatar_visa

ലോകകപ്പ് ആരാധകര്‍ക്കും സംഘാടകള്‍ക്കുമായി ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യാ കാര്‍ഡ് കാലാവധി നീട്ടി. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് ഒരു വര്‍ഷം മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദിക്കും. കുടുംബത്തോടൊപ്പം താമസിക്കാം.

ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. ലോകപ്പ് ആരാധകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനുള്ള വിസയായിരുന്നു ഹയ്യാ കാര്‍ഡ്. ഇക്കാഴിഞ്ഞ ജനുവരി 23ന് ഇതിന്റെ കാലാവധി അവസാനിച്ചിരുന്നു. ഭൂരിഭാഗം കാര്‍ഡ് ഉടമകളും രാജ്യം വിട്ടശേഷമാണ് ആഭ്യന്തര മന്ത്രാലയം ഹയ്യാ കാര്‍ഡ് കാലാവധി ദീര്‍ഘിപ്പിച്ചത്. ലോകകപ്പിന് ഖത്തറില്‍ വന്നവര്‍ക്ക് വീണ്ടും സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാകുന്നത്.

മന്ത്രാലയം പ്രഖ്യാപിച്ച വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും അനുസരിച്ചായിരിക്കും പ്രവേശനം. 1) കാര്‍ഡ് ഉടമകള്‍ സ്ഥിരീകരിച്ച ഹോട്ടല്‍ റിസര്‍വേഷനോ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഉള്ള താമസ സൗകര്യത്തിന്റെ തെളിവോ ഹയ്യ പോര്‍ട്ടലില്‍ നല്‍കണം. 2) ഖത്തറിലെത്തുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധി വേണം.

3) സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം. 4) യാത്രക്ക് മുമ്പ് ഇത് ഉറപ്പുവരുത്തേണ്ടതാണ്. 5) നാട്ടിലേക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റും വേണം.6) ഇവര്‍ക്ക്  ‘ഹയ്യ വിത്ത് മി’ സംവിധാനത്തിലൂടെ മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ കഴിയും. വിമാനത്താവളത്തിലോ മറ്റു പ്രവേശന മാര്‍ഗങ്ങളിലോ സന്ദര്‍ശകര്‍ക്ക് ഇ-ഗേറ്റ് വഴി പുറത്തുകടക്കാം. ഹയ്യാ കാര്‍ഡ് സന്ദര്‍ശകരില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ലോകകപ്പ് വേളയില്‍ ഉപയോഗിച്ച എല്ലാ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്കും ഈ സേവനങ്ങള്‍ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.