ദോഹ: ഖത്തര്‍ ആതിഥേയരാകുന്ന എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും. 30 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റെ എട്ട് വേദികളിലായാണ് നടക്കുക.
ആറ് മത്സരങ്ങള്‍ ലോകകപ്പ് വേദികളിലായാണ് നടക്കുക. അല്‍ ജനൂബ് സ്റ്റേഡിയം, അല്‍തുമാമ സ്റ്റേഡിയം, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, അല്‍ബെയ്ത്ത് സ്റ്റേഡിയം, അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം, ഖലീഫ സ്റ്റേഡിയം എന്നിവയ്‌ക്കൊപ്പം ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയം എന്നിവയിലും മത്സരങ്ങള്‍ നടക്കും.
ഇന്ത്യയടക്കം 24 രാജ്യങ്ങളാണ് ഏഷ്യകപ്പിന് യോഗ്യത നേടിയിട്ടുള്ളത്. ചൈനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഖത്തറിലേക്ക് മാറ്റിയത്. ടീമുകളെ ഗ്രൂപ്പുകളായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ് മെയ് 11 ന് കതാറ ഒപേര ഹൗസില്‍ നടക്കും.