ഖത്തർ സർവകലാശാലാ ബിരുദദാനം സ്വർണത്തിളക്കത്തിൽ 2 മലയാളികൾ..

0
16 views

ഖത്തർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സുവർണ നേട്ടവുമായി മലയാളി വിദ്യാർഥികളും.തൃശൂർ കരുവന്നൂർ സ്വദേശി അബ്ദുൽ ബാസിത് നൗഷാദ്, പാലക്കാട് സ്വദേശിനി ശിൽപ കുട്ടികൃഷ്ണൻ എന്നിവരാണ് ഉന്നത മാർക്കോടെ ബിരുദം നേടിയത്. സർവകലാശാലയുടെ 46-ാമത് ബിരുദദാന ചടങ്ങിൽ ബിബിഎ അക്കൗണ്ടിങ്ങിൽ ഉന്നത മാർക്കോടെ ബിരുദം നേടിയ അബ്ദുൽ ബാസിത് ഉൾപ്പെടെ 107 പേർക്കും അമീർ ആണ് സ്വർണ മെഡൽ സമ്മാനിച്ചത്. 107 പേരിലെ ഏക മലയാളിയാണ് അബ്ദുൽ ബാസിത്. ഖത്തറിലെ എംഇഎസ് ഇന്ത്യൻ സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ബിരുദ പഠനത്തിനായി ചേർന്നത്.

രക്താർബുദ ഗവേഷണത്തിൽ മികച്ച അക്കാദമിക് നിലവാരത്തോടെ ഗവേഷണം പൂർത്തിയാക്കിയതിനുള്ള സ്വർണ മെഡൽ ആണ് അമീറിന്റെ പത്‌നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയിൽ നിന്നും ശിൽപ കുട്ടികൃഷ്ണൻ സ്വീകരിച്ചത്. സർവകലാശാലയുടെ ഫാർമസി കോളജിന് കീഴിലെ ഫാർമസ്യൂട്ടിക്കൽ സയൻസിലാണ് 4 വർഷം നീണ്ട രക്താർബുദ ഗവേഷണം നടത്തിയത്. എച്ച്എംസിയുടെ ഗവേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് ശിൽപ.