വിദ്യാർഥികൾക്കിടയിൽ ബോധവത്കരണവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം.

0
27 views

ദോഹ: മാലിന്യം കുറക്കാനും, പാഴ്‌വസ്തുക്കൾ പുനരുപയോഗിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നതിൻ്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് വിദ്യാർഥികൾക്കിടയിൽ ബോധവത്കരണവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം.‘എൻ്റെ സ്‌കൂൾ സുസ്ഥിരമാണ്’ എന്ന തലക്കെട്ടിൽ പുനരുപയോഗ രീതികളെക്കുറിച്ച് മൂന്ന് ഘട്ടങ്ങളിലായി പരിശീലന ശിൽപശാലകൾ ഉൾപ്പെടെയുള്ള സംരംഭത്തിനാണ് തുടക്കം കുറിക്കുന്നത്.

പേപ്പർ, പ്ലാസ്റ്റിക് റീസൈക്ലിങ് എന്ന തലക്കെട്ടിൽ മൂന്നു വിദ്യാഭ്യാസ ശിൽപശാലകൾ ഉൾപ്പെടുത്തി എൻ്റെ സുസ്ഥിര വിദ്യാലയം എന്ന പേരിലാണ് സംരംഭം തുടക്കം കുറിച്ചിരിക്കുന്നത്. പേപ്പറും പ്ലാസ്റ്റിക്കും എന്ന പേരിലാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തിൽ പ്ലാസ്റ്റിക്കും ഭക്ഷണപ്പൊതികളിൽ ഉപയോഗിക്കുന്ന അലുമിനിയവും എങ്ങനെ പുനരുപയോഗിക്കാമെന്നും, മൂന്നാം ഘട്ടത്തിൽ അധിക ഭക്ഷണം ജൈവവളമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ടാണെന്നും റയ്യാൻ മുനിസിപ്പാലിറ്റി ബോധവത്കരണ, സുസ്ഥിര യൂനിറ്റ് മേധാവി ബഖീത അൽ മർറി പറഞ്ഞു.

സീഷോർ ഗ്രൂപ്പിെൻറ പങ്കാളിത്തത്തോടെ യുനെസ്‌കോ ലേണിങ് സിറ്റീസ് ശൃംഖലയിലെ അംഗമായ അൽ റയ്യാൻ മുനിസിപ്പാലിറ്റി നടപ്പാക്കുന്ന ഈ സംരംഭം 15 പ്രൈമറി സ്‌കൂളുകളെയാണ് പ്രാഥമിക ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഖത്തർ ദേശീയ ദർശനം വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി തങ്ങൾക്കും ഭാവി തലമുറകൾക്കും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് ഈ സംരംഭം വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.