അറബ് ലോകത്തെ ആദ്യത്തെ സോളാര്‍ ബസ് സ്റ്റേഷന്‍ ഖത്തറില്‍ ആരംഭിക്കു ന്നു. 10,720 യൂണിറ്റ് സൗരോര്‍ജമാണ് ഇവിടെ ഉല്‍പാദിപ്പിക്കുക. പ്രതിദിനം നാല് മെഗാ വാട്ട് വൈദ്യുതി നല്‍കുന്ന ലുസൈലിലെ മെഗാ ബസ് സ്റ്റേഷനായിരിക്കും ഗള്‍ഫ് മേഖലയിലെ ഏറ്റവും ആദ്യത്തേതും അത്യാധുനികവുമായി നിര്‍മിക്കുന്ന സോളാര്‍ ബസ് സ്റ്റേഷനെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പൂര്‍ണമായും സോളാര്‍ ഊര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ബസുകള്‍, ബസ് സ്റ്റേഷനില്‍ സോളാര്‍ പവര്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അഷ്ഗാല്‍ സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ലുസൈല്‍, അല്‍ റയ്യാന്‍, അല്‍ വക്ര, വ്യവസായ മേഖല തുടങ്ങിയ പ്രദേശങ്ങളില്‍ സോളാര്‍ ബസ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് അഷ്ഗാള്‍ തീരുമാനിച്ചിരിക്കുന്നത്. പൊതു മരാമത്ത് വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഖത്തര്‍ ഗതാഗത മന്ത്രാലയവും പൊതുമരാമത്ത് വകുപ്പും ചേര്‍ന്നാണ് ഇത്തരമൊരു പദ്ധതി തീരുമാനിച്ചിരിക്കുന്നത്.