ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരം.

0
58 views

ദോഹ : ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ ഖത്തർ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

സർവീസുകൾ മുടങ്ങിയത് വഴി ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് ഗൾഫ് മേഖലയിലെ പ്രവാസികളെയാണ്. ഗുരുതരാവസ്ഥയിലുള്ള ഉറ്റവരെ കാണാൻ പറ്റാത്തത് മുതൽ ജോലി നഷ്ടം വരെ സംഭവിച്ച യാത്രക്കാർ ഉണ്ട്. വലിയ രൂപത്തിൽ പ്രയാസമുണ്ടാക്കിയ പ്രവാസികൾക്ക് സാധ്യമായ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരും എയർ ഇന്ത്യ മാനേജ്മെന്റും തയ്യാറാകണം.

അവശ്യ സേവന രംഗത്തുള്ള ജീവനക്കാരുടെ മുന്നറിയിപ്പില്ലാതെ സമരം ചെയ്യുന്ന രീതി നിതീകരിക്കാൻ ആകില്ല. അവകാശങ്ങൾക്ക് വേണ്ടി ചെയ്യുന്ന സമരങ്ങൾ മറ്റുള്ളവരുടെ പ്രാഥമിക അവകാശങ്ങളെ പോലും റദ്ദ് ചെയ്യുന്ന സ്വഭാവത്തിൽ ആകരുത്. ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാൻ മാനേജ്മെന്റ് തയ്യാറാകണം. യാത്രക്കാരെ പിഴിയും വിധം യാത്രാനിരക്ക് ഈടാക്കിയിട്ടും ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സാധിച്ചില്ല എന്നത് അത്ഭുതമാണ്.