ഖത്തറില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി …

0
15 views
Qatar_news_Malayalam

ഖത്തറില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നടത്തിയ പരിശോധനയില്‍ 398 പേര്‍ക്കെതിരെയാണ് പൊലീസ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

കാറില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചതിന് പതിനേഴ് പേര്‍ക്കെതിരെയും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 366 പേര്‍ക്കെതിരെ നടപടിയെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 12പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് മൂന്ന് പേരെയുമാണ് പിടികൂടിയത്. പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. നിയമം ലംഘിച്ചാല്‍ കുറഞ്ഞത് ആയിരം റിയാല്‍ പിഴ നല്‍കേണ്ടി വരും. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.