
ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ തീരത്ത് പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഖത്തർ എനർജി അറിയിച്ചു. മെർലിൻ 1X പര്യവേക്ഷണ കിണറിലാണ് എണ്ണനിക്ഷേപം കണ്ടെത്തിയത്.
ഖത്തർ എനർജിക്ക് 45 ശതമാനവും ഷെൽ കമ്പനിക്ക് 45 ശതമാനവും നമീബിയയിലെ നാഷനൽ പെട്രോളിയം കോർപറേഷൻ (നാംകോർ) 10 ശതമാനവും ഉൾപ്പെടുന്ന കൺസോർട്ട്യമാണ് നമീബിയൻ പുറംകടലിൽ പര്യവേക്ഷണം നടത്തുന്നത്. ഇവർ നേരത്തെ മൂന്ന് എണ്ണ നിക്ഷേപം കണ്ടെത്തിയിരുന്നു.
നമീബിയൻ സർക്കാറിന്റെ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും പങ്കാളികളായ ഷെൽ, നമീബിയ ദേശീയ പെട്രോളിയം കോർപറേഷൻ എന്നിവരെ അഭിനന്ദിക്കുന്നതായും ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ശരീദ അൽ കഅബി പറഞ്ഞു. ഭാരം കുറഞ്ഞ, ഗുണനിലവാരമുള്ള എണ്ണയാണ് കണ്ടെത്തിയതെന്നും അനുബന്ധ വാതകം കുറവാണെന്നതും മെച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ലൈസൻസുകളിലായി ഖത്തർ എനർജിക്ക് നമീബിയൻ പുറംകടലിൽ 34,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പര്യവേക്ഷണ കേന്ദ്രമാണുള്ളത്







