ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ന് 41-ാം ജന്മദിനം…

0
16 views

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ന് 41-ാം ജന്മദിനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അമീറിന് പ്രവാസികളും ജന്മദിനാശംസകള്‍ നേര്‍ന്നു. 1980 ജൂണ്‍ മൂന്നിനാണ് അമീര്‍ ജനിക്കുന്നത്.

ബ്രിട്ടനിലെ ഷെബോണ്‍ സ്‌കൂളിലും സാന്‍ഡ്ഹസ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയിലുമായി പഠനം പൂര്‍ത്തിയാക്കി. 2013 ജൂണ്‍ 25-ന് പിതാവ് ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയില്‍ നിന്ന് ഖത്തറിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.

ജി.സി.സി മേഖലയിലും മറ്റ് ലോകരാജ്യങ്ങള്‍ക്കിടയിലും ഖത്തര്‍ അമീറിന് മികച്ച സ്വീകാര്യതയാണുള്ളത്. ഏറ്റവും ശക്തനായ, മാതൃകാ ഭരണാധികാരിയെന്നാണ് ലോകരാജ്യങ്ങളും രാജ്യാന്തര മാധ്യമങ്ങളും ഖത്തര്‍ അമീറിനെ വിശേഷിപ്പിക്കുന്നത്. ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി കൂടിയാണ് അമീര്‍.

ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടുന്ന ജനതക്ക് ഒരുപോലെ പ്രിയപ്പെട്ട ഭരണാധികാരി കൂടിയാണ് ഷെയ്ഖ് തമീം. പ്രവാസികള്‍ക്ക് മിനിമം വേതന നിയമം നടപ്പാക്കിയതും സൗജന്യ വാക്‌സിനേഷനും പുതിയ തൊഴില്‍ നിയമവും ഖത്തര്‍ അമീറിനു ആഗോള പ്രശംസ നേടിക്കൊടുത്തു.

കൊവിഡ്-19 പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴും ദുരിതം അനുഭവിക്കുന്ന ഒട്ടേറെ രാജ്യങ്ങള്‍ക്ക് അമീറിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ഖത്തറില്‍ നിന്ന് ഭക്ഷ്യ, മെഡിക്കല്‍, സാമ്പത്തിക സഹായങ്ങള്‍ തടസമില്ലാതെ എത്തുന്നുണ്ട്. ഇതിലൂടെ ഭരണപാടവത്തോടൊപ്പം കരുണയുടെയും സഹാനുഭൂതിയൂടെയും കൂടി പ്രതീകമാവുകയാണ് ഖത്തര്‍ അമീര്‍.