ഈ വാരാന്ത്യത്തിൽ ഖത്തറിലെ കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും താപനില ഗണ്യമായി കുറഞ്ഞേക്കുമെന്നും ക്യുഎംഡി അറിയിച്ചു. ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റ് പകൽ സമയത്തെ താപനില 22 ° C മുതൽ 29 ° C വരെയായി കുറയ്ക്കും. ഓരോ പ്രദേശങ്ങളെ ആശ്രയിച്ച് രാത്രിയിലെ താപനില 13 ° C മുതൽ 19 ° C വരെ കുറഞ്ഞേക്കും.
2024 നവംബർ 27 ബുധനാഴ്ച്ച മുതൽ, രാജ്യത്തുടനീളമുള്ള മേഘങ്ങളുടെ അളവ് വർദ്ധിക്കും, ഇത് ചെറിയ തോതിലുള്ള മഴക്ക് കാരണമായേക്കാം. ഈ സാഹചര്യവും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും ചേർന്നു പൊടിക്കാറ്റിന് കാരണമായി സ്ഥിതിഗതികൾ മോശമാകാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്‌ധമായി തിരമാലകൾ നാല് അടി മുതൽ എട്ടടി വരെ ഉയരാനും സാധ്യതയുണ്ട്.