
ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ ‘നോർത്ത് ഫീൽഡ്-സൗത്ത് പാർസ്’ ഗ്യാസ് ഫീൽഡ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വെനസ്വേലയിലെ എണ്ണശേഖരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നോട്ടമിട്ടതിന് പിന്നാലെ, ഇറാന്റെ കൈവശമുള്ള ഈ വമ്പൻ ഊർജ്ജസ്രോതസ്സിലേക്കും അമേരിക്ക ശ്രദ്ധ തിരിക്കുന്നതായാണ് സൂചനകൾ. ഏകദേശം 51 ട്രില്യൺ ക്യുബിaക് മീറ്റർ ഗ്യാസ് ശേഖരമാണ് ഇവിടെയുള്ളത്. ഈ ശേഖരം മുഴുവനായി ഉപയോഗിച്ചാൽ അമേരിക്കയ്ക്ക് ആവശ്യമായ വൈദ്യുതി 35 വർഷത്തേക്ക് തുടർച്ചയായി നൽകാൻ കഴിയുമെന്ന കണക്കുകൾ ഈ പാടത്തിന്റെ വലിപ്പം വ്യക്തമാക്കുന്നു.
പേർഷ്യൻ ഗൾഫിൽ 9,700 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ഈ ഭീമൻ പ്രകൃതിവാതക പാടത്തിൽ 6,000 ചതുരശ്ര കിലോമീറ്റർ ഖത്തറിന്റെയും (നോർത്ത് ഫീൽഡ്), 3,700 ചതുരശ്ര കിലോമീറ്റർ ഇറാന്റെയും (സൗത്ത് പാർസ്) ഭാഗത്താണുള്ളത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഖത്തർ ഇവിടെ നിന്ന് വൻതോതിൽ വാതകം ഉൽപ്പാദിപ്പിക്കുകയും ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ, അന്താരാഷ്ട്ര ഉപരോധങ്ങളും സാങ്കേതികവിദ്യയുടെ കുറവും കാരണം ഇറാന് ഈ പാടത്തിൽ നിന്ന് കാര്യമായ കയറ്റുമതി നടത്താൻ കഴിയുന്നില്ല. നിലവിൽ സ്വന്തം ആവശ്യത്തിനായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്.
വെനസ്വേലയിലെ ക്രൂഡ് ഓയിൽ ലക്ഷ്യമിട്ട് ട്രംപ് നടത്തിയ നീക്കങ്ങൾക്ക് സമാനമായി, ഇറാന്റെ ഭരണകൂടത്തെ വീഴ്ത്തുന്നതിലൂടെ ഈ ഗ്യാസ് ശേഖരത്തിൽ സ്വാധീനം ഉറപ്പിക്കാൻ അമേരിക്ക ലക്ഷ്യമിടുന്നതായും നിരീക്ഷകർ കരുതുന്നു. ഇറാന്റെ പതനം സംഭവിച്ചാൽ അത് ഊർജ്ജരംഗത്ത് അമേരിക്കയ്ക്ക് വലിയൊരു ആധിപത്യം നൽകുമെങ്കിലും, ഗൾഫ് മേഖലയിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.








