യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കുടിവെള്ള പദ്ധതി.

0
8 views

ദോഹ: യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കുടിവെള്ള പദ്ധതി. വിവിധ അഭയാർത്ഥി ക്യാമ്പുകളിലും താൽക്കാലിക താമസസ്ഥലങ്ങളിലും കഴിയുന്നവർക്കായി മൂന്നു കോടി ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.

കോസ്റ്റൽ മുനിസിപ്പാലിറ്റിസ് വാട്ടർ യൂട്ടിലിറ്റിയുമായി സഹകരിച്ച് 6 ലക്ഷം യു.എസ് ഡോളർ ചെലവിട്ടാണ് ബൃഹദ് പദ്ധതി പുരോഗമിക്കുന്നത്. ഗസ്സയിലെ ജല -ശുചീകരണ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ. പകർച്ചവ്യാധികൾ തടയുക, ദൈനംദിന ആവശ്യങ്ങൾക്കായി ശുദ്ധജലം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഗസ്സയുടെ വടക്കൻ മേഖലകൾ, ദീർ അൽ ബലാഹ്, തെക്കൻ ഗവർണറേറ്റുകൾ എന്നിവിടങ്ങളിലെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ വാട്ടർ ടാങ്കറുകൾ വഴി കുടിവെള്ളമെത്തിക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം ഗസ്സയിലെ 85 ശതമാനത്തിലധികം കുടുവെള്ള വിതരണ ശൃഖലകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം കിണറുകളും ശുദ്ധീകരണ പ്ലാന്റു്കളും പ്രവർത്തനരഹിതമാണ്. പലയിടങ്ങളിലും ഭൂഗർഭജലം മലിനജലവുമായി കലർന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഖത്തർ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.