ഖത്തറില്‍ ലഹരി മരുന്ന് കടത്തു കേസില്‍ പിടിയിലായി സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഖത്തറിലെ കോടതികളുടെ ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നടപടികളിലൊന്നായി ഇന്ന് രാവിലെയാണ് മുംബൈ സ്വദേശികളായ ഒനിബ ഖുറൈശി, മുഹമ്മദ് ഷാരിഖ് ഖുറേഷി എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള വിധി കോടതി പ്രഖ്യാപിച്ചത്. പത്ത് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും വിധിച്ച് ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞ ദമ്പതികളെയാണ് നിരപരാധിത്വം അംഗീകരിച്ച് കോടതി വെറുതെ വിട്ടത്. ഒരിക്കല്‍ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് ശേഷം വീണ്ടും ഒരു വര്‍ഷത്തിന് ശേഷം കേസ് പുനരവലോകനം നടത്തി അപ്പീല്‍ കോടതി വീണ്ടുമൊരു വിധി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്.
കേസില്‍ ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിനാവശ്യമായയ നടപടികള്‍ സ്വീകരിച്ചത് ഖത്തറിലെ പ്രമുഖ നിയമവിദഗ്ധനും മലയാളി സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരിയാണ്. 2019 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ ഒരു സ്ത്രീയുടെ നിര്‍ബന്ധപ്രകാരമാണ് ദമ്പതികളായ ഷാരിഖും ഒനിബയും മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയത്. ഒനിബ ഗര്‍ഭിണിയായിരിക്കെയാണ് ഈ യാത്രക്ക് പുറപ്പെട്ടത്. എന്നാല്‍ മുംബൈയില്‍ നിന്നും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദമ്പതികളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് അധികൃതര്‍ 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെടുക്കുകയായിരുന്നു.
ബന്ധുവായ സ്ത്രീയുടെ ചതിവിലാണ് ഇക്കാര്യം സംഭവിച്ചത്. എന്നാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദമ്പതികളെ മയക്കുമരുന്ന് കടത്ത് കേസില്‍ കീഴ്‌ക്കോടതി ശിക്ഷിക്കുകയായിരുന്നു. ഇതിനിടെ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ ഒനിബ ഒരു പെണ്‍ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തിരുന്നു.