ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്താൻ ശേഷിയുള്ള അൽ റിഹ്‌ലയെ ഡ്രിബിൾ ചെയ്ത് റവന്യൂ മന്ത്രി കെ രാജൻ. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്താണ് അൽ റിഹ്‌ല. തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ തുടരുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ സന്ദർശിക്കവെ ആണ് മന്ത്രി അൽ റിഹ്‌ലയെടുത്ത് അമ്മാനമാടിയത്.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സ്റ്റാളിലാണ് പൂരനഗരിയെ ആവേശത്തിലാഴ്ത്തി അൽ റിഹ്‌ലയിൽ മന്ത്രി കാൽതൊട്ടത്. പന്തിന്റെ പ്രത്യേകതകളും ഫുട്ബോൾ ചരിത്രത്തിലെ പ്രാധാന്യവും മന്ത്രി ചോദിച്ചറിഞ്ഞു. മന്ത്രിയുടെ ഫ്രീ കിക്ക് ഏറെ ആവേശത്തോടെയാണ് മേള സന്ദർശിക്കാൻ എത്തിയവർ ഏറ്റെടുത്തത്. ജില്ലാ കലക്ടർ ഹരിത വി കുമാറും മന്ത്രിക്കൊപ്പം സന്നിഹിതയായിരുന്നു.
അൽ റിഹ്‌ലയുടെ യഥാർത്ഥ പകർപ്പ് തൃശൂരിൽ എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ജില്ലാ സ്പോർട്സ് കൗൺസിൽ . പന്തിന്റെ നിർമ്മാതാക്കളായ അഡിഡാസ് ഖത്തർ ലോകകപ്പിന്റെ പ്രചരണാർത്ഥമാണ് പന്ത് തൃശൂരിലെത്തിച്ചത്.