ദോഹ: റമദാനിൽ ആട്ടിൻമാംസത്തിന്റെ പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും സബ്സിഡി നൽകുന്നതിനുമുള്ള ദേശീയ സംരംഭത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ രജിസ്ട്രേഷൻ തിങ്കളാഴ്ച തുടങ്ങുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16വരെ രജിസ്ട്രേഷൻ നീണ്ടു നിൽക്കും.
കന്നുകാലികളെ വളർത്തുന്നവരെയും ഫാം ഉടമകളെയും പ്രോത്സാഹിപ്പിക്കാനും ഖത്തറിന്റെ സ്വയം പര്യാപ്തത വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളിലൂന്നിയാണ് ഈ നടപടി. വിതരണവും ആവശ്യകതയും സന്തുലിതമാക്കുന്ന തരത്തിൽ പ്രാദേശിക ആടുകളുടെ ഉൽപാദനത്തെ പിന്തുണക്കും. വിപണി വിലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനും മിതമായ നിരക്കിൽ റെഡ്മീറ്റ്
ലഭ്യമാകുന്നതിന് വ്യക്തികൾക്ക് അവസരം നൽകാനും ഇത് സഹായകമാകും.
അവാസി, നജ്ദി, അറബ്, ഹരീരി
ഇനങ്ങളിൽപെട്ട ആടുകളെ കൈവശം
വെക്കുന്ന ആടുവളർത്തുകാരും ഫാം
ഉടമകളും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ കന്നുകാലി വകുപ്പിൽ അത് പൂർത്തിയാക്കണമെന്ന് വാണിജ്യ,
വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അൽ മൻസൂർ ടവറിൽ 11ാം നിലയിലെ കാര്യാലയത്തിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ, ഒരു അംഗീകൃത ഔദ്യോഗിക
പ്രതിനിധി ഹാജരായോ വേണം ഇതിനായി രജിസ്റ്റർ ചെയ്യേണ്ടത്. ലൈസൻസും കന്നുകാലി ബ്രീഡർ സർട്ടിഫിക്കറ്റും രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം.