ഖത്തര്‍-ബഹ്‌റൈന്‍ വിമാന സര്‍വീസ് തുടങ്ങുന്നു..

0
15 views

ഖത്തറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രഖ്യാപനം നടത്തി. കഴിഞ്ഞ മാസം 12ന് ജിസിസി ആസ്ഥാനമായ റിയാദില്‍ നടന്ന ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കാന്‍ ഇരുരാജ്യങ്ങൾ ധാരണയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും പൗരന്മാരുടെയും അഭിലാഷങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജിസിസിയില്‍ ആഭ്യന്തര സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും ഇറാനുമായി സഹകരിക്കുന്നു എന്നുമായിരുന്നു ഖത്തറിനെതിരായ പ്രധാന ആരോപണം. 2017 ജൂണിലാണ് ഖത്തറിനെതിരെ മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നിവയായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍.

ഖത്തറിലുള്ളവരുടെ നിരവധി കുടുംബങ്ങള്‍ ബഹ്‌റൈനിലുണ്ട്. തിരിച്ചും നിരവധി പേര്‍ താമസിക്കുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ യാത്രാ മാര്‍ഗങ്ങള്‍ ഇല്ലാതായി. ഖത്തറിലേക്ക് വരണം എന്നാഗ്രഹിക്കുന്നവര്‍ കുവൈത്തിലോ ഒമാനിലോ പോയി മറ്റു വഴികളിലൂടെ വേണം എത്താൻ. ഏക കരമാര്‍ഗം സൗദിയുമായിട്ടാണ്. സൗദി ഈ അതിര്‍ത്തി അടച്ചത് വലിയ പ്രതിസന്ധിയയായി.

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം 2021ല്‍ ബഹ്‌റൈന്‍ ഒഴികെയുള്ള മൂന്ന് രാജ്യങ്ങളും ഖത്തറുമായി ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചു. എങ്കിലും ഖത്തറും യുഎഇയും ഇതുവരെ എംബസികള്‍ തുറന്നിട്ടില്ല.