രാജ്യം നാഷണൽ ഡേ ആഘോഷത്തിലേക്ക് പ്രവേശിച്ചു .

0
82 views

രാജ്യം നാഷണൽ ഡേ ആഘോഷത്തിലേക്ക് പ്രവേശിച്ചു . തന്നെ ഖത്തറിന്റെ പ്രധാന ഹോട്ട് സ്പോട്ടുകളിൽ ദേശീയ ദിന ആഘോഷങ്ങൾ സജീവമാണ്. ഡിസംബർ 18 നടക്കുന്ന പ്രധാന പരിപാടികൾ അറിയാം.

ഖത്തറിലെ സാംസ്കാരിക ആഘോഷ കേന്ദ്രമായ ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സായിൽ ഒരാഴ്ചയായി നടന്നു വരുന്ന ദേശീയ ദിന ആഘോഷ പരിപാടികൾക്ക് സമാപനമാകും. വൈകിട്ട് 3 മുതൽ രാത്രി 11 വരെ പതാക ഉയർത്തൽ, മധുര വിതരണം, വിവിധ വിനോദ പരിപാടികൾ മുതലായവയ്ക്ക് ദർബ് അൽ സായി സാക്ഷ്യം വഹിക്കും.

അൽ ബിദ്ദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദികളിലും ദേശീയ ദിന പരിപാടികൾ പൊടിപൊടിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 വരെ, ലോക സമാധാനത്തിന്റെ സന്ദേശമോതി പ്രത്യേക പക്ഷി പറത്തൽ സംഘടിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കാൻ മുൻസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. രാത്രി 7 മുതൽ പ്രത്യേക ഡ്രോണ് ലൈറ്റ് ഷോയും അരങ്ങേറും.

അൽ റയാൻ തോർബ മാർക്കറ്റിൽ, ഖത്തർ ഫൗണ്ടേഷൻ മുൾതഖ് സ്റ്റുഡന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിവിധ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ നടക്കും. ഫലസ്തീൻ-ഖത്തർ സാംസ്കാരിക സംവാദങ്ങൾ, രാഷ്ട്രീയ പ്രതിരോധ പ്രഭാഷണങ്ങൾ, കലാ ഭക്ഷ്യ സാംസ്കാരിക വിനിമയങ്ങൾ തുടങ്ങിയവയ്ക്ക് സാക്ഷ്യം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്, 3067 2516 എന്ന നമ്പറിൽ ബന്ധപ്പെടാം.

ക്ലാസിക് കാർ ഷോ, ബലൂണ് ഇവന്റ് തുടങ്ങിയ പരിപാടികളുമായി സജീവമായ കത്താറ കൾച്ചറൽ വില്ലേജും ദേശീയ ദിന നിറവിൽ തിളങ്ങും. ഇവ കൂടാതെ മാൾ ഓഫ് ഖത്തർ, സിഖത് വാദി മുഷൈരിബ്, ഓൾഡ് ദോഹ പോർട്ട് എന്നിവിടങ്ങളിലും ഗംഭീര ആഘോഷങ്ങൾ നടക്കും. പലയിടത്തും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ് എന്നതാണ് പ്രധാന സവിശേഷത.