ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..

0
47 views

ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് പൊടിക്കാറ്റിന് കാരണമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തുറസായ സ്ഥലങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ദോഹ ഉൾപ്പെടെയുള്ള നഗരങ്ങളിലും അൽ വക്ര, അൽ ഖോർ തുടങ്ങിയ പ്രദേശങ്ങളിലും പൊടിക്കാറ്റിന്റെ ആഘാതം അനുഭവപ്പെടുന്നുണ്ട്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞത് വാഹനഗതാഗതത്തെയും ബാധിച്ചേക്കാം. അതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ റോഡിലെ ദൂരക്കാഴ്ച കുറവാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേഗത കുറച്ച് സുരക്ഷിതമായി വാഹനം ഓടിക്കുകയും വേണം.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണം. അടുത്ത ദിവസങ്ങളിലും കാറ്റും തണുപ്പും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പൊടിപടലങ്ങൾ ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.