
ദോഹ: ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുമെന്നും ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം തീരപ്രദേശങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 12 മുതൽ 22 നോട്ട്സ് വരെ വേഗതയിൽ കാറ്റ് വീശും. പകൽ സമയങ്ങളിൽ ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത 33 നോട്ട്സ് വരെ ഉയരാൻ സാധ്യതയുണ്ട്. ഉൾക്കടലിലും സമാന ദിശയിൽ കാറ്റ് ശക്തമായി വീശുകയും ചില സമയങ്ങളിൽ 30 നോട്ട്സ് വരെ എത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
കടൽ പൊതുവേ പ്രക്ഷുബ്ധമായിരിക്കും. തീരപ്രദേശങ്ങളിൽ തിരമാലകളുടെ ഉയരം രണ്ട് മുതൽ നാല് അടി വരെയും ചില സമയങ്ങളിൽ അഞ്ച് അടി വരെയും എത്താം. ഉൾക്കടലിൽ തിരമാലകൾ നാല് മുതൽ ഏഴ് അടി വരെയും, ചില അവസരങ്ങളിൽ 10 അടി വരെയും ഉയരാൻ സാധ്യതയുണ്ട്.
തീരപ്രദേശങ്ങളിലെ കാഴ്ചപരിധി സാധാരണയായി നാല് മുതൽ എട്ട് കിലോമീറ്റർ വരെയായിരിക്കുമെങ്കിലും, പൊടിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യങ്ങളിൽ ഇത് മൂന്ന് കിലോമീറ്ററോ അതിൽ താഴെയോ ആയി കുറയാം. ഉൾക്കടൽ മേഖലകളിൽ കാഴ്ചപരിധി നാല് മുതൽ 10 കിലോമീറ്റർ വരെയായിരിക്കും.
പ്രതികൂല കാലാവസ്ഥ മുന്നിൽക്കണ്ട് കടലിൽ പോകുന്നവർ ഉൾപ്പെടെ എല്ലാവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യർഥിച്ചു.







