
റിയാദ്: മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിവിധ അറബ് രാജ്യങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ സഫാദി, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ അബ്ദലത്തി എന്നിവരാണ് സൗദി വിദേശകാര്യ മന്ത്രിയുമായി ചർച്ചകൾ നടത്തിയത്. ഫോൺ വഴിയായിരുന്നു ചർച്ച.
ചർച്ചയിൽ ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങൾ അവലോകനം ചെയ്തു. സംഘർഷം നിയന്ത്രിക്കാനും പ്രാദേശിക വെല്ലുവിളികൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങൾക്കായുള്ള ഏകോപനവും കൂടിയാലോചനയും ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. മേഖലയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതും ചർച്ചയായി.







